സയ്യിദ് ദി യസന്‍ ബിന്‍ ഹൈതം ഒമാന്‍ കിരീടവകാശി



മസ്‌ക്കറ്റ്‌  > ഒമാന്റെ ചരിത്രത്തിലെ ആദ്യ കിരീടാവകാശിയായി സയ്യിദ് ദി യസന്‍ ബിന്‍ ഹൈതം അല്‍ സെയ്ദിനെ നിശ്ചയിച്ചു. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സെയ്ദിന്റെ മൂത്ത മകനാണ്. കിരീടവകാശി പദവി ഏര്‍പ്പെടുത്തി തിങ്കളാഴ്ച സുല്‍ത്താന്‍ ഹൈതം ഭരണഘടന ഭേദഗതി ചെയ്തിരുന്നു. 31-കരാനായ പുതിയ കിരീടവകാശി നിലവില്‍ രാജ്യത്തിന്റെ സാംസ്‌കാരിക, കായിക, യുവജനാകാര്യ വകുപ്പ് മന്ത്രിയാണ്. മന്ത്രിസഭയില്‍ എത്തും മുന്‍പ് ബ്രിട്ടനിലെ ഒമാന്‍ എംബസിയില്‍ സെക്കന്‍ഡ് സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചു. 1990ല്‍ ജനിച്ച ദി യസന്‍ (തിയാസിന്‍) ബ്രിട്ടനിലെ പ്രശസ്തമായ ഓക്‌സഫഡ് സര്‍വ്വകലാശാലയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം കരസ്ഥമാക്കിയ ശേഷമാണ് നയതന്ത്ര മിഷനില്‍ ചേര്‍ന്നത്.   ചൊവ്വാഴ്ച രാത്രി സര്‍ക്കാര്‍ ആശയ വിനിമയ ഓഫീസ് ട്വിറ്ററിലാണ് കിരീടാവകാശിയെ നിശ്ചയിച്ചുള്ള ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കിയത്്. എന്നാല്‍, അതില്‍ കിരീടവകാശിയുടെ പേര് പറഞ്ഞിരുന്നില്ല. സുല്‍ത്തന്റെ മൂത്തമകനായിരിക്കും അടുത്ത പിന്‍ഗാമിയെന്നാണ് അറിയിപ്പില്‍ വ്യക്തമാക്കിയത്. ഇതാദ്യമായാണ് ഒമാനില്‍ കിരീടവകാശിയെ നിയമിക്കുന്നത്. 50 വര്‍ഷം നീണ്ട മുന്‍ സുല്‍ത്താന്‍ ഖാബൂസിന്റെ ഭരണകാലത്ത് ഒമാനില്‍ കിരീടാവകാശി ഉണ്ടായിരുന്നില്ല. ഖാബൂസിന്റെ മരണശേഷമാണ് അനന്തരവനും മുന്‍ സാംസ്‌കാരിക, പൈതൃക മന്ത്രിയുമായ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സെയ്ദ് അധികാരമേറ്റത്. വിവാഹമോചിതനായ സുല്‍ത്താന്‍ ഖബൂസിന് മക്കളുണ്ടായിരുന്നില്ല. പിന്‍ഗാമിയെ അദ്ദേഹം പരസ്യമായി പ്രഖ്യാപക്കുകയും ചെയ്തിരുന്നില്ല. കിരീടാവകാശിയുടെ നിയമനവും രാജ്യത്തെ അധികാര കൈമാറ്റത്തിനുള്ള വ്യവസ്ഥയും നിശ്ചയിച്ച് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് തിങ്കളാഴ്ച ഉത്തരവിറക്കിയതിന് പിന്നാലെയാണ തീരുമാനം. അധികാര കൈമാറ്റത്തിന് കൃത്യവും ഭദ്രവുമായ സംവിധാനത്തിന് രൂപം നല്‍കാനും സര്‍ക്കാര്‍ നടപടികളിലെ സുതാര്യത വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് കിരീടവകാശി പദവി നിശ്ചയിച്ച് ഭരണഘടന ഭേദഗതി കൊണ്ടുവന്നത്. പുതിയ മൗലിക നിയമത്തിലെ ആര്‍ട്ടിക്കിള്‍ 5 പ്രകാരം, സുല്‍ത്താന്റെ പിന്‍ഗാമി മൂത്തമകനായിരിക്കുമെന്ന് വ്യവസ്ഥ ചെയ്യുന്നു. മൂത്തമകനില്‍ നിന്ന് അദ്ദേഹത്തിന്റെ മൂത്തമകനിലേക്കും അധികാരം കൈമാറ്റം ചെയ്യപ്പെടും. അധികാര മേറ്റെടുക്കും മുന്‍പ് സുല്‍ത്താന്റെ മൂത്തമകന്‍ മരിച്ചാല്‍ അദ്ദേഹത്തിന് സഹോദരന്‍മാര്‍ ഉണ്ടെങ്കില്‍ പോലും അദ്ദേഹത്തിന്റെ മൂത്തമകനായിരിക്കും അധികാരം കൈമാറുകയെന്ന് മൗലിക നിയമം വ്യവസ്ഥ ചെയ്യുന്നു.   Read on deshabhimani.com

Related News