രോഗവർധനയിൽ ചൈന ഒറ്റ അക്കത്തിൽ; അമേരിക്കയിൽ മരണസംഖ്യ 52000 കടന്നു



ബീജിങ്ങ്‌ കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ലോകത്താകെ രണ്ട്‌ ലക്ഷത്തോടടുക്കുന്നതിനിടെ രോഗം ആദ്യമുണ്ടായ ചൈനയിൽനിന്നും മരണസംഖ്യയിൽ മൂന്നാമതുള്ള സ്‌പെയിനിൽനിന്നും ഏഷ്യയിൽ ഏറ്റവുമധികം ആളുകൾ മരിച്ച ഇറാനിൽനിന്നും ആശ്വാസവാർത്ത. വ്യാഴാഴ്‌ച മരണസംഖ്യ അരലക്ഷം കടന്ന അമേരിക്കയിൽ വെള്ളിയാഴ്‌ച മരണവിവരങ്ങൾ വന്നുതുടങ്ങിയപ്പോൾ 52000 കടന്നു. ചൈനയിൽ പുതുതായി  രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം ഒറ്റ അക്കത്തിലേക്ക്‌ താണു. വിദേശത്ത്‌ നിന്നെത്തിയ രണ്ടുപേരടക്കം ആറു പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. അവിടെ 10 ദിവസമായി പുതിയ മരണമില്ല. മൊത്തം മരണസംഖ്യ 4632 ആയി തുടരുന്നു. ഇറാൻ അപകടഘട്ടം കടന്നതായി അധികൃതർ അറിയിച്ചു. എന്നാലും മുൻകരുതൽ തുടരും. 93 പേർ കൂടി മരിച്ചതോടെ അവിടെ ആകെ മരണസംഖ്യ 5574 ആയി. മൂന്ന്‌ ദിവസം തുടർച്ചയായി മരണസംഖ്യയിൽ ചെറിയ വർധന കാണിച്ച സ്‌പെയിനിൽ 367 മരണമാണ്‌ വെള്ളിയാഴ്‌ച റിപ്പോർട്ട്‌ ചെയ്‌തത്‌. ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന മരണസംഖ്യയാണിത്‌. മാർച്ച്‌ 22ന്‌ അറിയിച്ച  394 മരണമായിരുന്നു ഇതിനുമുമ്പ്‌ ഏറ്റവും കുറഞ്ഞത്‌. സ്‌പെയിനിൽ ആകെ മരണസംഖ്യ 22524 ആയി. 219764 രോഗികൾ. എന്നാൽ, ബ്രിട്ടനിൽ വെള്ളിയാഴ്‌ച 768 മരണം പ്രഖ്യാപിച്ചു. തലേന്നത്തേക്കാൾ 130 കൂടുതൽ. ഇതോടെ അവിടെ ആകെ മരണം 19506 ആയി. ഇറ്റലിയിൽ മരണസംഖ്യ 2596 ആയി. ഫ്രാൻസിൽ 22400 ആയി. ചൈനയിൽ സാങ്കേതികവിദ്യാ ഭീമന്മാരായ അലിബാബ, ടെൻസെന്റ്‌, ജെഡി.കോം എന്നിവയുടെ ആരോഗ്യ അനുബന്ധ കമ്പനികൾ കോവിഡ്‌ പരിശോധനകൾ വ്യാപിപ്പിക്കുന്നതിന്റെഭാഗമായി ബുക്കിങ്‌ സേവനം തുടങ്ങി. ബീജിങ്ങടക്കം 10 നഗരങ്ങളിൽ കഴിഞ്ഞദിവസം പരിശോധന തുടങ്ങിയ അലിബാബയുടെ അലി ഹെൽത്ത്‌ 27 മുതൽ ഇത്‌ 28 നഗരങ്ങളിലേക്കുകൂടി വ്യാപിപ്പിക്കുകയാണ്‌. തെക്കൻ ചൈനയിലെ ഗ്വാങ്‌ദോങ്‌ പ്രവിശ്യയുടെ തലസ്ഥാനമായ ഗ്വാങ്‌ഷൂവിൽ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി അവസാനവർഷ ക്ലാസുകൾ ആരംഭിക്കുന്നതിന്റെ മുന്നോടിയായി  208000 അധ്യാപകർക്കും ജീവനക്കാർക്കും വിദ്യാർഥികൾക്കും ന്യൂക്ലിക്‌ ആസിഡ്‌ പരിശോധന നടത്തുകയാണ്‌. 193000 വ്യാഴാഴ്‌ച പൂർത്തിയായി. നഗരത്തിലെ മൂന്നാം ഗ്രേഡ്‌ വിദ്യാർഥികളുടെ ക്ലാസ്‌ 27ന്‌ ആരംഭിക്കും. ചൈനയിൽ ആകെ 82804 പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചതിൽ 77257 പേർ രോഗമുക്തരായി. Read on deshabhimani.com

Related News