ക്യൂബ ചെറുത്തുനില്‍പ്പിന്റെ മാതൃക: മെക്സിക്കോ

മി​ഗേല്‍ ദിയാസ് കനേല്‍, ആന്ദ്രെ മാനുവല്‍ ലോപസ് ഒബ്രാദോര്‍


മെക്സിക്കോ സിറ്റി > ചെറുത്തുനില്‍പ്പിന്റെ ഉത്തമ മാതൃകയാണ് ക്യൂബയെന്ന് മെക്സിക്കോ പ്രസിഡന്റ് ആന്ദ്രെ മാനുവല്‍ ലോപസ് ഒബ്രാദോര്‍. ക്യൂബയെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തി അം​ഗീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട ഒബ്രാദോര്‍, അമേരിക്ക 1959മുതല്‍ തുടരുന്ന ശത്രുതാ മനോഭാവത്തെ അവർ ധീരമായി പ്രതിരോധിക്കുന്നതിനെ പ്രശംസിച്ചു. ക്യൂബയ്ക്കുമേല്‍ അടിച്ചേൽപിച്ചിട്ടുള്ള ഉപരോധം പിന്‍വലിക്കണം. അമേരിക്കന്‍ രാഷ്‌ട്ര സംഘടനയ്‌ക്ക്‌ (ഒഎഎസ്) പകരം ആരുടെയും സേവകനല്ലാത്ത,  യഥാർത്ഥ സ്വയംഭരണസംവിധാനം കൊണ്ടുവരണമെന്നും  ഒബ്രാദോര്‍ ആവശ്യപ്പെട്ടു. ബൊളീവിയയിൽ 2019ൽ നടന്ന അട്ടിമറിയേയടക്കം പിന്തുണച്ച ഒഎഎസിന്റെ രാഷ്ട്രീയ നിലപാടിനെ മെക്സിക്കോ മുമ്പും പരസ്യമായി എതിര്‍ത്തിട്ടുണ്ട്. ക്യൂബയ്‌ക്കെതിരായ ഉപരോധം അമേരിക്ക കടുപ്പിച്ച സാഹചര്യത്തില്‍ ഭക്ഷണവും മെഡിക്കല്‍ സാമ​ഗ്രികളും മറ്റുമായി നാവികസേനയുടെ രണ്ട് കപ്പൽ ക്യൂബയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് മെക്സിക്കന്‍ വിദേശമന്ത്രാലയം അറിയിച്ചു. അമേരിക്കന്‍ നടപടികളെ അപലപിച്ച് റഷ്യയും ചൈനയുംപിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. രണ്ട് സൈനിക വിമാനത്തിലായി  88 ടണ്‍ അവശ്യവസ്തുക്കള്‍ ക്യൂബയിലേക്ക് അയച്ചതായി റഷ്യ അറിയിച്ചു. ചേരി ചേരാ പ്രസ്ഥാനത്തിന്റെ പിന്തുണയ്‌ക്കും സഹായങ്ങള്‍ക്കും ക്യൂബന്‍ പ്രസിഡന്റ് മി​ഗേല്‍ ദിയാസ് കനേല്‍ നന്ദി അറിയിച്ചു. ‍അതിനിടെ ക്യൂബയ്‌ക്കെതിരായ ഉപരോധം അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട് അമേരിക്കയിലെ രാഷ്ട്രീയ നേതാക്കള്‍, ബുദ്ധിജീവികള്‍, കലാകാരന്മാര്‍ ഉള്‍പ്പെടെയുള്ള നാനൂറിലധികം പ്രമുഖര്‍ പ്രസിഡന്റ് ജോബൈഡന് കത്തയച്ചു. ഹോളിവുഡ്‌ താരങ്ങളായ സൂസൻ  സറൻഡൻ, ജെയ്‌ൻ ഫോണ്ട, ഡാനി ഗ്ലോവർ, മാർക്‌ റുഫാലോ, അമേരിക്കയിലെ നാഷണൽ കൗൺസിൽ ഓഫ്‌ ചർച്ചസ്‌ പ്രസിഡന്റ്‌ റവ. ജിം വിംഗ്ലർ  തുടങ്ങിയവർ ഒപ്പിട്ട കത്ത്‌ ന്യൂയോർക്‌ ടൈംസിൽ പ്രസിദ്ധീകരിച്ചു. ബ്രിട്ടനില്‍ നിന്നുള്‍പ്പെടെ രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകർ കത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. Read on deshabhimani.com

Related News