കുടുംബ നിയമ പരിഷ്‌കരണം: ഹിതപരിശോധന നടത്തി ക്യൂബ



ഹവാന> കുടുംബനിയമങ്ങൾ ഉടച്ചുവാർക്കാൻ ലക്ഷ്യമിട്ട്‌ ക്യൂബയിൽ ഹിതപരിശോധന നടന്നു. അഞ്ച്‌ ദിവസത്തിനുശേഷം അന്തിമഫലം പ്രസിദ്ധീകരിക്കും. എങ്കിലും ദേശീയ തെരഞ്ഞെടുപ്പ് കമീഷൻ തിങ്കളാഴ്ച  പ്രാഥമിക ഫലങ്ങൾ നൽകിയേക്കും. പുതിയ കുടുംബ നിയമം (ഫാമിലി കോഡ്‌) അംഗീകാരിക്കാൻ 50 ശതമാനത്തിലധികം വോട്ടുകൾ ലഭിക്കണം. ക്യൂബ വളർച്ചയുടെ പാതയിലാണെന്നും പുതിയ നിയമത്തിന്‌ അംഗീകാരം ലഭിക്കുമെന്നാണ്‌ പ്രതീക്ഷയെന്നും ക്യൂബൻ പ്രസിഡന്റ്‌ മിഗേൽ ദിയാസ്‌ കനേൽ പറഞ്ഞു. വിദേശത്തു താമസിക്കുന്ന പൗരന്മാരുടെ വോട്ടെടുപ്പ്‌ നേരത്തെ പൂർത്തിയായിരുന്നു. സ്‌ത്രീകൾക്കും കുഞ്ഞുങ്ങൾക്കും ലൈംഗിക ന്യൂനപക്ഷങ്ങൾക്കും കൂടുതൽ അവകാശങ്ങളും പരിഗണനയും നൽകുന്നതാണ്‌ പുതിയ നിയമം. സ്വവർഗ വിവാഹത്തിന്‌ അനുമതി, ശൈശവ വിവാഹ നിരോധനം,  വിവാഹമോചനത്തിന്റെ സാഹചര്യത്തിൽ കുട്ടികളുടെ സംരക്ഷണം തുടങ്ങിയവ ഉറപ്പാക്കുന്നതാണ്‌ നിയമം.  ഫെബ്രുവരി മുതൽ ഏപ്രിൽ വരെ നടന്ന വിപുലമായ ക്യാമ്പയിനിൽ പുതിയ നിയമത്തെക്കുറിച്ച്‌ ബോധവൽക്കരണം നടത്തിയിരുന്നു. Read on deshabhimani.com

Related News