നേപ്പാൾ വിമാന ദുരന്തം; തകർന്ന വിമാനവും, 14 മൃതദേഹങ്ങളും കണ്ടെത്തി



കാഠ്‌മണ്ഡു > നേപ്പാളിലെ മുസ്‌തങ്ങ്‌ ജില്ലയിലെ കോവാങ്ങിൽ ഇന്നലെ തകർന്ന് വീണെന്ന് സ്ഥിരീകരിച്ച താര എയർലൈൻസ് വിമാനം കണ്ടെത്തി. തിരിച്ചറിയാനാകാത്ത നിലയിൽ 14 മൃതദേഹങ്ങളും കണ്ടെത്തിയിട്ടുണ്ട്‌. ഇന്ത്യക്കാരായ നാലംഗ കുടുംബം ഉൾപ്പെടെ 22 പേരുമായി പോയ വിമാനമാണ്‌ തകർന്നുവീണത്‌. ഇന്ന്‌ രാവിലെ തെരച്ചിൽ പുനരാരംഭിച്ചപ്പോഴാണ് അവശിഷ്‌ടങ്ങൾ കണ്ടെത്താനായത്. ഞായർ രാവിലെ 9.55ന് ജോംസം വിമാനത്താവളത്തിലേക്ക്‌ പുറപ്പെട്ട താര എയർലൈൻസിന്റെ വിമാനമാണ്‌ തകർന്നത്‌. വിമാനം പറന്നുയർന്ന്‌ 15 മിനിറ്റിനുശേഷം എയർ ട്രാഫിക്‌ കൺട്രോളുമായുള്ള ബന്ധം നഷ്‌ടമായി. പിന്നീട്‌  മുസ്‌താങ് ജില്ലയിലെ കോവാങ് ​ഗ്രാമത്തിൽ വിമാനത്തിന്റെ അവശിഷ്‌ടം കണ്ടെത്തിയതായി പ്രദേശവാസികൾ സൈന്യത്തെ അറിയിച്ചു. ഇവിടെ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം നിർത്തിവച്ചിരുന്നു. മുംബൈ സ്വദേശികളായ അശോക് കുമാർ ത്രിപാഠി, ധനുഷ് ത്രിപാഠി, റിതിക ത്രിപാഠി, വൈഭവി ത്രിപാഠി എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന ഇന്ത്യക്കാർ. ഇവർക്ക് പുറമെ രണ്ട് ജർമൻകാരും 13 നേപ്പാളികളും മൂന്ന്‌ ജീവനക്കാരുമാണുണ്ടായിരുന്നത്. തകർന്ന 9 എന്‍ - എഇടി ഇരട്ട എന്‍ജിന്‍ വിമാനത്തിന്‌ 43 വര്‍ഷം പഴക്കമുണ്ട്‌. നേപ്പാളിൽ അപകടങ്ങൾ തുടർക്കഥ ലോക വ്യോമയാന പാതയിൽ ഏറ്റവും അപകടങ്ങളുണ്ടാകുന്ന സ്ഥലങ്ങളിലൊന്നാണ് പർവതങ്ങളാൽ ചുറ്റപ്പെട്ട നേപ്പാൾ. 2016ൽ താര എയർലൈൻസിന്റെ വിമാനം പടിഞ്ഞാറൻ ജില്ലയായ മയാഗ്‌ഡിയിൽ തകർന്ന് 23 പേർ മരിച്ചു. 2010ലും താരയുടെ വിമാനം തകർന്ന്  21 പേ‌ർ മരിച്ചു. ദുഷ്കരമായ സാഹചര്യങ്ങളിലും പറക്കുന്നവയാണ് കനേഡിയൻ നിർമിതമായ ട്വിൻ ഒട്ടർ വിമാനം. Read on deshabhimani.com

Related News