അമേരിക്കയിൽ കഴിഞ്ഞയാഴ്‌ച 10,000 കോവിഡ്‌ മരണം ; ട്രംപിന്റെ ഉപദേഷ്‌ടാവ്‌ രാജിവച്ചു



വാഷിങ്‌ടൺ അമേരിക്കയിൽ കഴിഞ്ഞയാഴ്‌ച മരിച്ച കോവിഡ്‌ ബാധിതരുടെ എണ്ണം പതിനായിരത്തിലധികം. നവംബർ 29 വരെയുള്ള ആഴ്‌ചയിൽ 11 ലക്ഷത്തിലധികമാളുകൾക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. കഴിഞ്ഞ വ്യാഴാഴ്‌ച കൃതജ്ഞതാദിന ആഘോഷമായിരുന്നതിനാൽ പല ലാബുകളും രണ്ടു ദിവസം പ്രവർത്തിച്ചില്ല എന്നിരിക്കെ പുതിയ രോഗബാധിതരുടെ യഥാർഥ എണ്ണം ഇതിലുമധികം ആകുമെന്നാണ്‌ റിപ്പോർട്ട്‌. ഇപ്പോഴും ലോകത്ത്‌ ഏറ്റവുമധിം കോവിഡ്‌ മരണം നടക്കുന്ന അമേരിക്കയിൽ തിങ്കളാഴ്‌ച 1238 പേരാണ്‌ മരിച്ചത്‌. വേൾഡോമീറ്റർ കണക്കനുസരിച്ച്‌ അവിടെ ആകെ മരണസംഖ്യ 2.75 ലക്ഷം കടന്നു. തിങ്കളാഴ്‌ച ഇറ്റലിയായിരുന്നു മരണത്തിൽ രണ്ടാമത്‌. 672 പേർ. ഇതിനിടെ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ കോവിഡ്‌ ഉപദേശകൻ ഡോ. സ്‌കോട്‌ അറ്റ്‌ലസ്‌ രാജിവച്ചു. മാസ്‌ക്‌ ധരിക്കുന്നതിന്റെ ആവശ്യകതയടക്കം മഹാമാരി തടയാൻ ലോകം സവീകരിച്ച പല നടപടിയെയും എതിർത്ത ഇദ്ദേഹത്തിന്റെ ട്വീറ്റുകൾ ട്വിറ്റർതന്നെ നീക്കുന്ന സ്ഥിതിയുണ്ടായി. പൊതുജനാരോഗ്യത്തിലോ പകർച്ചവ്യാധികളുടെ കാര്യത്തിലോ വിദഗ്ധനല്ലാത്ത ഡോ. അറ്റ്‌ലസ്‌ ന്യൂറോ റേഡിയോളജിസ്റ്റാണ്‌. പ്രസിഡന്റിനെ ഇദ്ദേഹം വഴിതെറ്റിക്കുന്നതായി ഡോ. ആന്തണി ഫൗച്ചിയടക്കം അമേരിക്കയിലെ ഏറ്റവും മുതിർന്ന പൊതുജനാരോഗ്യ വിദഗ്ധരും രോഗനിയന്ത്രണകേന്ദ്രം (സിഡിസി) അംഗങ്ങളും വിമർശിച്ചിരുന്നു. 130 ദിവസത്തെ താൽക്കാലിക നിയമന കാലാവധി കഴിഞ്ഞതിനാലാണ്‌ രാജി എന്നാണ്‌ റിപ്പോർട്ട്‌.   Read on deshabhimani.com

Related News