കോവിഡ്‌ ഉറവിടം; വിദഗ്‌ധ സംഘത്തിന്‌ അനുമതി വൈകുന്നതായി ലോകാരോഗ്യ സംഘടന; തെറ്റിദ്ധാരണ എന്ന് ചൈന



ജനീവ > കോവിഡ്‌ 19 വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ചൈനയിലേക്ക്‌ പുറപ്പെടേണ്ട അന്താരാഷ്‌ട്ര വിദഗ്‌ധ സംഘത്തിന്‌ പ്രവേശന അനുമതി വൈകുന്നതായി ലോകാരോഗ്യ സംഘടന. പ്രവേശനത്തിന്‌ അന്തിമ അനുമതി വൈകുന്നതിൽ ആശങ്കയുള്ളതായി ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെദ്രോസ്‌ അഥാനം ഗെബ്രിയേസസ്‌ പറഞ്ഞു. വൈറസിന്റെ ഉറവിടമായി കരുതുന്ന വുഹാനിലേക്ക്‌ അടക്കം പോകാനുള്ള അന്താരാഷ്ട്ര വിദഗ്‌ധസംഘ അംഗങ്ങൾ അവരുടെ രാജ്യങ്ങളിൽ നിന്ന്‌ പുറപ്പെട്ടതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതിനിടെയാണ്‌ ചൈനയുടെ അന്തിമ അനുമതി  വൈകുന്നത്‌. സംഘത്തിന്റെ പ്രവേശനത്തിന്‌ ചൈന ആഭ്യന്തര നടപടിക്രമം ഉടൻ പൂർത്തിയാക്കുമെന്ന്‌ അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. വിസ നടപടിക്രമത്തിൽ അടക്കം ചൈന പെട്ടന്ന്‌ അനുമതി നൽകേണ്ടതുണ്ടെന്നും  അന്താരാഷ്ട്ര വിദഗ്‌ധസംഘത്തെ ഉടൻ വിന്യസിക്കാൻ കഴിയുമെന്നും ലോകാരോഗ്യസംഘടന അടിയന്തര വിഭാഗം മേധാവി ഡോ. മൈക്കിൾ റയാൻ പറഞ്ഞു. അതെസമയം, തെറ്റിദ്ധാരണമൂലമാണ്‌ ലോകാരോഗ്യ സംഘടനയുടെ വിമർശമെന്ന്‌ ചൈന പ്രതികരിച്ചു. വിദഗ്‌ധ സംഘത്തിന്‌ പ്രവേശനം നൽകുന്ന സമയത്തിൽ ഇരു കൂട്ടർക്കുമിടയിൽ ഉണ്ടായ ആശയവിനിമയത്തിലെ  വിഷയമാണിതെന്നും  തീയതി തീരുമാനിക്കുന്നതിൽ ചർച്ച നടക്കുകയാണെന്നും ചൈനയുടെ വിദേശ മന്ത്രാലയ വക്താവ്‌ ഹുവ ചുൻയിങ്‌ പറഞ്ഞു. Read on deshabhimani.com

Related News