കൊറോണ രോഗബാധിതരെ കണ്ടെത്താൻ യുഎഇയിൽ കെ 9 സ്‌നിഫർ നായകൾ



ദുബായ്‌ > കൊറോണ സമൂഹത്തിൻറെയാകെ പേടിസ്വപ്നമായി മാറിയിരിക്കുന്ന കാലഘട്ടത്തിൽ അതിനെ പ്രതിരോധിക്കാൻ നൂതനമായ മാർഗ്ഗങ്ങൾ ഉപയോഗിച്ച് വിജയം കൈവരിച്ചിരിക്കുകയാണ് യു എ ഇ.  രോഗബാധിതരെ കണ്ടെത്തുന്നതിന് പരിശീലനം സിദ്ധിച്ച നായകളുടെ സേവനം ഉപയോഗപ്പെടുത്തുന്നതിൽ യുഎഇ വിജയിച്ചു. രോഗബാധിതരെ കണ്ടെത്തുന്നതിനുള്ള മനുഷ്യാധ്വാനം കുറയുന്നു എന്നുമാത്രമല്ല, സാമ്പത്തിക ചിലവ് ഒഴിവാക്കിക്കൊണ്ട് ഏറ്റവും വേഗത്തിൽ രോഗബാധിതരെ തിരിച്ചറിയാൻ ഇതുവഴി സാധ്യമാകും.  K9 പോലീസ് നായകളെയാണ് വൈറസ് സാന്നിധ്യം കണ്ടു പിടിക്കുന്നതിനു വേണ്ടി വിജയകരമായി യുഎഇ പരിശീലിപ്പിച്ചെടുത്തത്. യു എ ഇ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കൊറോണ ബാധിതരായ വ്യക്തികളുടെ വിയർപ്പ് ശേഖരിച്ച് പ്രത്യേകം കുപ്പികളിലാക്കി അത് നായകളെ കൊണ്ട് മണപ്പിച്ചാണ് ഈ പരീക്ഷണം നടത്തിയത്. ഇതിനായി നിരവധി പേരുടെ സാമ്പിളുകൾ ഉപയോഗിച്ചു. ഫീൽഡ് ആശുപത്രികളിൽ ചികിത്സയിൽ ഇരിക്കുന്ന രോഗികൾ, രോഗം ഇല്ലാത്തവർ എന്നിവരുടെയെല്ലാം വിയർപ്പ് ശേഖരിച്ച് തരംതിരിച്ചാണ് ഈ പരീക്ഷണം നടത്തിയത്. പരിശീലനം ലഭിച്ച നായകൾക്ക് വൈറസ് ബാധിതരായവരുടെ വിയർപ്പ് അടങ്ങുന്ന സാമ്പിൾ പ്രത്യേകം വേർതിരിച്ചറിയാനായി. കൊറോണ പ്രതിരോധത്തിൽ ഈ പരീക്ഷണം വിപ്ലവകരമായ ഒരു മുന്നേറ്റമാണ് എന്നും, കൂടുതൽ ആളുകൾ തിങ്ങിക്കൂടുന്ന പ്രദേശങ്ങളായ എയർപോർട്ട്, ഷോപ്പിംഗ് മാളുകൾ മറ്റു തിരക്കേറിയ മേഖലകൾ എന്നിവിടങ്ങളിലെല്ലാം ഉള്ള രോഗബാധിതരെ കണ്ടെത്തുന്നതിന് പരിശീലനം ലഭിച്ച നായകളുടെ സേവനം ഉപയോഗിക്കാൻ സാധിക്കുമെന്നും അധികൃതർ കരുതുന്നു.   Read on deshabhimani.com

Related News