ജനിതകമാറ്റം സംഭവിച്ച വൈറസ്‌ യൂറോപ്പിൽ പടരുന്നു



ലണ്ടൻ യൂറോപ്പിൽ കോവിഡ്‌ വ്യാപനം രൂക്ഷമാകുന്നതിനിടെ ജനിതക മാറ്റം സംഭവിച്ച വൈറസിനെയും കണ്ടെത്തി. സ്‌പെയിനിലെ കർഷകരിൽ കണ്ടെത്തിയ രൂപമാറ്റം സംഭവിച്ച 20എഇയു1 വൈറസ്‌ ഇപ്പോൾ പല രാജ്യങ്ങളിലും സ്ഥിരീകരിച്ചിട്ടുണ്ടെന്ന്‌ പഠന‌ റിപ്പോർട്ട്‌. ഇംഗ്ലണ്ടിൽ ഇപ്പോൾ സ്ഥീരികരിക്കുന്ന കോവിഡ്‌ രോഗികളിൽ 80ശതമാനം പേരിലും ജനിതക മാറ്റം സംഭവിച്ച വൈറസാണ്‌. സ്‌പെയിനിൽ പോയി വരുന്നവരിൽ നിന്നാണ്‌ വൈറസ്‌ വ്യാപനം രൂക്ഷമാകാൻ കാരണമെന്നും ശാസ്‌ത്രജ്ഞരുടെ സംഘത്തിന്റെ ഗവേഷണത്തിൽ ചൂണ്ടിക്കാണിക്കുന്നു. യുറോപ്പിലെ കോവിഡിന്റെ രണ്ടാം വരവ്‌ വിമാനത്താവളങ്ങളടക്കമുള്ള ഗതാഗത കേന്ദ്രങ്ങളിലെ പരിശോധന ശക്തമാക്കിയിരുന്നെങ്കിൽ നിയന്ത്രിക്കാമായിരുന്നു. വൈറസ്‌ നിയന്ത്രണത്തിനായി സ്വീകരിച്ച നടപടികൾ പര്യാപ്‌തമല്ലെന്നാണ്‌ നിലവിലെ സ്ഥിതി തെളിയിക്കുന്നതെന്ന്‌ പഠനത്തിന്‌ നേതൃത്വം നൽകിയ ബാസൽ  സർവകലാശാലയിലെ എമ്മ ഹോഡ്ക്രോഫ്റ്റ് പറഞ്ഞു. ജൂണിലാണ്‌ ജനിതക മാറ്റം സംഭവിച്ച വൈറസിനെ സ്‌പെയിനിൽ കണ്ടെത്തിയത്‌.  പുതിയ രോഗികളിൽ സ്‌പെയിനിൽ 80ശതമാനവും അയർലൻഡിൽ 60ഉം സ്വിറ്റ്‌സർലെൻഡ്‌, ഫ്രാൻസ്‌ എന്നിവിടങ്ങളിൽ 40ശതമാനവും ജനിതകമാറ്റം സംഭവിച്ച വൈറസിലൂടെയാണ്‌. യുറോപ്പിൽ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പല രാജ്യങ്ങളും ലോക്‌ഡൗൺ അടക്കമുള്ള കടുത്ത നിയന്ത്രണത്തിലേക്ക്‌ നീങ്ങുകയാണ്‌. Read on deshabhimani.com

Related News