ഓസ്‌ട്രിയൻ പ്രാദേശിക തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ്‌ പാർടിക്ക്‌ ജയം



വിയന്ന ഓസ്‌ട്രിയയിൽ 23ന്‌ നടന്ന പ്രൊവിൻഷ്യൽ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ്‌ പാർടി ഓഫ്‌ ഓസ്‌ട്രിയ (കെപിഒ)ക്ക്‌ ജയം. 1949നു ശേഷം ആദ്യമായി സാൽസ്‌ബർഗ്‌ സ്‌റ്റേറ്റ്‌ അസംബ്ലിയിൽ പ്രാതിനിധ്യം നേടി. 36 സീറ്റിൽ നാലെണ്ണം നേടിയാണ്‌ ചരിത്രം സൃഷ്ടിച്ചത്‌. അഞ്ചുവർഷം മുമ്പ്‌ ആയിരം വോട്ടുമാത്രം (0.4 ശതമാനം) നേടിയ പാർടിയുടെ നേതൃത്വത്തിലുള്ള മുന്നണി, ഇത്തവണ 11.7 ശതമാനം നേടിയാണ്‌ മിന്നും പ്രകടനം കാഴ്ചവച്ചത്‌. മൈക്കൽ ഡാങ്കെലിന്റെ നേതൃത്വത്തിലുള്ള കെപിഒ സാൽസ്‌ബർഗ്‌ നഗരപ്രദേശത്ത്‌ ഏറ്റവും കൂടുതൽ വോട്ടുനേടിയ പാർടിയുമായി (21.8 ശതമാനം). ഭരണത്തിലുള്ള ക്രിസ്‌ത്യന്‍ ഡെമോക്രാറ്റ്–- - ​ഗ്രീന്‍ ലിബറല്‍ സഖ്യത്തിന്‌ വലിയ തിരിച്ചടിയുണ്ടായി. ഓസ്‌ട്രിയൻ പീപ്പിൾസ്‌ പാർടിക്ക്‌ 12ഉം ഗ്രീൻസിന്‌ മൂന്നും സീറ്റ്‌ മാത്രമാണ്‌ ലഭിച്ചത്‌. പോളിങ്‌ ശതമാനം 70.94. മുൻവർഷത്തേക്കാൾ 5.98 ശതമാനം കൂടുതലാണിത്‌. പണപ്പെരുപ്പം രൂക്ഷമായ സാഹചര്യത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ സർക്കാർവിരുദ്ധ വികാരം പ്രകടമായിരുന്നു. Read on deshabhimani.com

Related News