ചരിത്രമെഴുതി ഗുസ്‌താവോ പെത്രോ



ബൊ​ഗോട്ട> എല്ലാ ജനവിഭാ​ഗത്തെയും ഒരുമിപ്പിച്ച് പ്രവര്‍ത്തിക്കുമെന്ന്‌ഉറപ്പുനല്‍കി സ്വതന്ത്ര കൊളംബിയയുടെ ആദ്യ ഇടതുപക്ഷ പ്രസിഡന്റ് ​ഗുസ്‌താവോ പെത്രോ അധികാരമേറ്റു. പാര്‍ക്ക് ടെര്‍സര്‍ മിലിനിയോയില്‍ നടന്ന ‌സത്യപ്രതിജ്ഞ ചടങ്ങില്‍ ആയിരങ്ങൾ സാക്ഷികളായി. വൈസ് പ്രസിഡന്റ് ഫ്രാന്‍സിയ മാര്‍ക്വേസും സത്യപ്രതിജ്ഞ ചെയ്തു. കറുത്തവംശജയായ ആദ്യ വൈസ് പ്രസിഡന്റാണ്‌. 212 വര്‍ഷത്തെ മധ്യ വലതുപക്ഷ സര്‍ക്കാരുകളുടെ ഭരണത്തിന് അവസാനംകുറിച്ചാണ് ഇടതുപക്ഷ സഖ്യമായ ഹിസ്റ്റോറിക്കല്‍ പാക്ട് വിജയംനേടിയത്. "പുതിയൊരു ജനാധിപത്യ നിര്‍മിതിയുടെ തുടക്കം. സമാധാനത്തിലും പാരിസ്ഥിതിക സാമൂഹിക നീതിയിലും ഊന്നിയാകും സർക്കാർ പ്രവർത്തിക്കുക. സാമൂഹ്യ മുന്നേറ്റങ്ങൾക്കൊപ്പം നിലകൊള്ളും. സര്‍ക്കാര്‍ ജനങ്ങളുടെ സേവകരായിരിക്കും'–- ​ആദ്യ അഭിസംബോധനയിൽ അറുപത്തിരണ്ടുകാരനായ ഗുസ്താവോ പെത്രോ പറഞ്ഞു. ദശാബ്ദങ്ങളുടെ പോരാട്ടത്തിനൊടുവിലാണ് 50.8 ശതമാനം വോട്ടോടെ പെത്രോ അറുപത്തിയൊന്നാം പ്രസിഡന്റായത്. അഴിമതിക്കേസില്‍ പ്രതിയായ അഴിമതിവിരുദ്ധ പ്രസ്ഥാന നേതാവ് റുഡോള്‍ഫ് ഹെര്‍ണാണ്ടസിനെയാണ് ജൂണിലെ വോട്ടെടുപ്പില്‍ തോല്‍പ്പിച്ചത്. ഇവാന്‍ ഡ്യൂക്കിന്റെ നേതൃത്വത്തിലുള്ള മുൻ സർക്കാർ 2016ലെ സമാധാന ഉടമ്പടിയുടെ ലംഘനം, നികുതി പരിഷ്കരണത്തിലെ പരാജയം തുടങ്ങിയ ആരോപണങ്ങളെ തുടർന്നാണ്‌ പുറത്തുപോയത്‌. കൊളംബിയയുടെ തദ്ദേശീയ ആചാരപ്രകാരം ആദ്യം വൈസ് പ്രസിഡന്റ് ഫ്രാന്‍സിയ മാര്‍ക്വേസും പിന്നാലെ പ്രസിഡന്റ് ​ഗുസ്താവോ പെത്രോയും വേദിയിലെത്തി. അര്‍ജന്റീന പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസ്, ചിലി പ്രസിഡന്റ് ​ഗബ്രിയേല്‍ ബോറിക്, ബൊളീവീയ പ്രസിഡന്റ് ലൂയിസ് ആര്‍സ് കാറ്റക്കോറ തുടങ്ങിയ നിരവധി ലോക നേതാക്കളും പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. പ്ലാസ ഡി ബോളിവറില്‍ തിങ്കളാഴ്‌ച നടക്കുന്ന പൊതുചടങ്ങില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്ന് പെത്രോ അറിയിച്ചു. ഗറില്ലാ പോരാളിയിൽനിന്ന്‌ പ്രസിഡന്റിലേക്ക്‌ കൊളംബിയയിൽ 1974–- 1990ലെ ആഭ്യന്തര സായുധ യുദ്ധത്തിൽ പങ്കാളിയായിരുന്ന നഗര ഗറില്ലാ സംഘം ഏപ്രിൽ 19 പ്രസ്ഥാനത്തിന്റെ (എം19) ഭാഗമായിരുന്നു ഗുസ്‌താവോ പെത്രോ. പിന്നീട്‌ ഡമോക്രാറ്റിക്‌ അലയൻസ്‌ എം19 സ്ഥാപിച്ചു. 1991ൽ പ്രതിനിധിസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. ബൊഗോട്ടയുടെ മുൻമേയറായിരുന്നു. പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിലെ മൂന്നാം അങ്കത്തിൽ ചരിത്രംകുറിച്ച്‌ ആദ്യ ഇടതുപക്ഷക്കാരനായ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സാമ്പത്തികശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. ബിസിനസ്‌ അഡ്‌മിനിസ്‌ട്രേഷനിൽ ഡോക്ടറേറ്റുണ്ട്‌. "ആദ്യ ലക്ഷ്യം ദാരിദ്ര്യ നിർമാർജനം' ജനങ്ങളെ പട്ടിണിയിൽനിന്ന് മോചിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് തന്റെ സർക്കാരിന്റെ ആദ്യ ലക്ഷ്യമെന്ന് കൊളംബിയയുടെ പ്രസിഡന്റായി ചുമതലയേറ്റ ഗുസ്താവോ പെത്രോ പറഞ്ഞു. കൊളംബിയയിലെ 50 ദശലക്ഷത്തിലധികം വരുന്ന ജനങ്ങളിൽ പകുതിയോളം പേർ ദാരിദ്ര്യത്തിലാണ്‌. ഗ്രാമീണ മേഖലയിലേക്ക് കൂടുതൽ നിക്ഷേപത്തിന് നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ ധനമന്ത്രി ജോസ് അന്റോണിയോ ഒകാമ്പോ തിങ്കളാഴ്ച  സാമ്പത്തിക നടപടികൾ നിർദേശിക്കും. കൊളംബിയ സർവകലാശാല പ്രൊഫസറായിരുന്ന സാമ്പത്തിക വിദഗ്ധനാണ് ജോസ് അന്റോണിയോ ഒകാംപോ.    മയക്കുമരുന്ന് വിപണിക്കായി കൊക്ക ഇലകൾ വളർത്തുന്നതിൽനിന്ന് കർഷകരെ പിന്തിരിപ്പിക്കാനും അവരെ മറ്റ് മേഖലകളിലേക്ക് തിരിച്ചുവിടാനും നടപടിയുണ്ടാകും. സർവകലാശാല വിദ്യാഭ്യാസം സൗജന്യമാക്കുക, ആരോഗ്യ പരിരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തുക, പെൻഷൻ ഉൾപ്പെടെയുള്ള ക്ഷേമപ്രവർത്തനങ്ങൾ ആവിഷ്കരിക്കുക തുടങ്ങിയ പദ്ധതികളും പെത്രോ മുന്നോട്ടുവച്ചിട്ടുണ്ട്. രാജ്യത്തിന്റെ കയറ്റുമതിയുടെ ഏതാണ്ട് 50 ശതമാനം എണ്ണവ്യവസായത്തിലാണെങ്കിലും അനധികൃത ഖനനം തടയുമെന്നും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുമെന്നും പെത്രോ പ്രഖ്യാപിച്ചിട്ടുണ്ട്.   മന്ത്രിസഭയില്‍ 5 വനിതകള്‍ സമത്വത്തിനും സ്ത്രീകള്‍ക്കും മുന്‍​ഗണന നല്‍കിയൊരു മന്ത്രിസഭയെന്ന തെരഞ്ഞെടുപ്പ് പ്രഖ്യാപനം നിറവേറ്റി കൊളംബിയന്‍ പ്രസിഡന്റ് ​ഗുസ്താവോ പെത്രോ. നിയമിച്ച എട്ടുമന്ത്രിമാരില്‍ അഞ്ചുപേര്‍ വനിതകളാണ്. വൈസ് പ്രസിഡന്റ് ഫ്രാന്‍സിയ മാര്‍ക്വേസാണ് വനിതാ സമത്വ എന്നിവയുടെ ചുമതല. സാഹിത്യകാരിയും നടിയുമായ പട്രീഷ്യ അരീസ (സാംസ്കാരികം), സൈക്യാട്രിസ്റ്റ് കരോലിന ക്രോഷെ (ആരോ​ഗ്യം), പരിസ്ഥിതി പ്രവര്‍ത്തക സൂസന്ന മൊഹമ്മദ് (പരിസ്ഥിതി), സാമ്പത്തിക വിദഗ്‌ധയും മുന്‍മന്ത്രിസഭകളില്‍ പരിസ്ഥിതി, കാര്‍ഷിക മന്ത്രിയുമായിരുന്ന സിസിലിയ ലോപ്പസ് (കാര്‍ഷികം), കൊളംബിയ സര്‍വകലാശാല പ്രൊഫസറും സാമ്പത്തിക വിദ​ഗ്‌ധനും ജോസ് അന്റോണിയോ ഒകാംപോ (ധനകാര്യം), അഭിഭാഷകനായ അല്‍വാറോ ലെവ്യ ഡുറാന്‍ (വിദേശം), എന്‍ജിനിയറും സാമ്പത്തികവിദ​ഗ്‌ധനും മുന്‍ ആരോ​ഗ്യ സാമൂഹ്യസുരക്ഷ മന്ത്രിയുമായ അലെജാന്‍ഡ്രോ ​ഗാവിറിയ (വിദ്യാഭ്യാസം) എന്നിവരാണ് മന്ത്രിമാര്‍.   Read on deshabhimani.com

Related News