അനാവശ്യ ഇടപെടലുകൾ വേണ്ട ; അമേരിക്കയോട്‌ ചൈന



ബീജിങ്‌ ചൈനയ്‌ക്കെതിരെ ട്രംപ്‌ ഭരണം പ്രഖ്യാപിച്ച വ്യാപാര നിയന്ത്രണങ്ങൾ പുതിയ അമേരിക്കൻ സർക്കാർ എടുത്തുകളയണമെന്ന്‌ ചൈനീസ്‌ ധനമന്ത്രി വാങ്‌ യി. അക്കാദമിക്‌ വിനിമയം‌ ഉൾപ്പെടെയുള്ള വിഷയങ്ങളിലെ വിലക്കും നീക്കണം. തയ്‌വാൻ, ഹോങ്‌കോങ്‌, തിബറ്റ്‌ ഉൾപ്പെടെ ചൈനയുടെ ആഭ്യന്തര വിഷയങ്ങളിൽ അനാവശ്യമായി തലയിടുന്നത്‌ ഒഴിവാക്കണമെന്നും വാങ്‌ യി ആവശ്യപ്പെട്ടു. 2017ൽ ട്രംപ്‌ ചൈനീസ്‌ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ വർധിപ്പിച്ചിരുന്നു. സാങ്കേതികമേഖലയിൽ ചൈനീസ്‌ കമ്പനികൾക്ക്‌ വിലക്ക്‌ ഏർപ്പെടുത്തി. ചൈനയുടെ ഭാഗമായി അമേരിക്ക തന്നെ കണക്കാക്കുന്ന തയ്‌വാനുമായി സൈനിക ബന്ധം ശക്തമാക്കിയ ട്രംപിന്റെ‌ നടപടിയും ചൈനയെ പ്രകോപിപ്പിച്ചിരുന്നു. ‘വിദേശ നയം പുനഃപരിശോധിക്കുന്ന അമേരിക്ക, അനാവശ്യ സംശയവും മുൻവിധിയും ഒഴിവാക്കി ചൈന–- യുഎസ്‌ ബന്ധം ശക്തിപ്പെടുത്താൻ നടപടിയെടുക്കണം. യുഎസിനെ വെല്ലുവിളിക്കുന്നത്‌ ചൈനയുടെ ലക്ഷ്യമല്ല. സമാധാനപരമായ സഹവർത്തിത്വത്തിന്‌ ഇരുരാജ്യവും ശ്രമിക്കണം. ചൈനീസ്‌ കമ്യൂണിസ്‌റ്റ്‌ പാർടിയെ താറടിക്കുന്നതിൽനിന്ന്‌ അമേരിക്ക പിന്മാറണം. തയ്‌വാനിലെ വിഘടനവാദികൾക്ക്‌ അനാവശ്യ പ്രോത്സാഹനം നൽകരുത്‌. ഹോങ്‌കോങ്‌, സിൻജിയാങ്‌, തിബറ്റ്‌ പോലുള്ള ചൈനയുടെ ആഭ്യന്തര കാര്യങ്ങളിൽ തലയിടരുത്‌’–- വാങ്‌ യി ആവശ്യപ്പെട്ടു.   Read on deshabhimani.com

Related News