ബൈഡന്‌ മറുപടി ; ഒരുമിച്ച്‌ വലിയ‌ കാര്യങ്ങൾ ചെയ്യാമെന്ന്‌ ചൈന



ബീജിങ്‌ ചൈനയ്‌ക്കെതിരെ വ്യത്യസ്ത സമീപനം സ്വീകരിക്കുമെന്ന അമേരിക്കയുടെ നിലപാടിനോട്‌ പക്വതയോടെ പ്രതികരിച്ച്‌ ചൈന. ഇരു രാജ്യങ്ങൾക്കും ഒരുമിച്ച്‌ നിന്നാൽ വലിയ നേട്ടങ്ങളുണ്ടാകും. വ്യത്യാസങ്ങളെക്കാൾ പൊതു താൽപര്യങ്ങളാണ്‌ കൂടുതലാണ്‌. ലോക സമാധാനത്തിനും സമൃദ്ധിക്കുമായി ഇരു രാജ്യവും പൊതു താൽപ്പര്യങ്ങൾ പുലർത്തുന്നുണ്ടെന്ന്‌ ബൈഡന്റെ പ്രതികരണത്തോടുള്ള മറുപടിയായി ചൈനീസ്‌ വിദേശമന്ത്രാലയം വക്താവ്‌ വാങ്‌ വെൻബിൻ പറഞ്ഞു.  യുഎസുമായുള്ള ബന്ധം വികസിപ്പിക്കാൻ ചൈന പ്രതിജ്ഞാബദ്ധമാണ്.  പൊരുത്തക്കേടില്ലാതെയും ഏറ്റുമുട്ടാതെയും പരസ്പര ബഹുമാനത്തോടെയുള്ള സഹകരണമാണ്‌ ആവശ്യം. അതേസമയം,  ദേശീയ പരമാധികാരം, സുരക്ഷ, വികസന താൽപ്പര്യങ്ങൾ എന്നിവ സംരക്ഷിക്കുന്നത് തുടരുമെന്നും വാങ്‌ പറഞ്ഞു. തന്റെ ആദ്യ വിദേശനയ പ്രസംഗത്തിൽ ബൈഡൻ ചൈനയെ യുഎസിന്റെ ‘ഏറ്റവും പ്രധാന എതിരാളി’ എന്നാണ്‌ വിശേഷിപ്പിച്ചത്‌. മനുഷ്യാവകാശം, ബൗദ്ധിക സ്വത്തവകാശം, സാമ്പത്തിക നയം എന്നിവയടക്കം വിവിധ മേഖലകളിൽ ചൈനയെ നേരിടും.   അമേരിക്കൻ താൽപ്പര്യങ്ങൾക്ക്‌ ഗുണം ചെയ്യുന്ന കാര്യങ്ങൾക്ക്‌ ഒരുമിച്ച്‌ പ്രവർത്തിക്കാമെന്നും ബൈഡൻ പറഞ്ഞിരുന്നു. യുഎസ്‌–- ചൈന ബന്ധത്തിൽ ഏറ്റവും മോശം കാലഘട്ടമായിരുന്നു ട്രംപ്‌ ഭരണത്തിൽ‌. ട്രംപ് തകർത്ത ബന്ധം പുനഃക്രമീകരിക്കാൻ ചൈനീസ് കമ്യൂണിസ്‌റ്റ്‌ പാർടിയുടെ വിദേശകാര്യ കമീഷൻ  തലവൻ യാങ് ജിചി  ബൈഡനോട് ആവശ്യപ്പെട്ടിരുന്നു. Read on deshabhimani.com

Related News