ക്യാപിറ്റോൾ ആക്രമണം: 
അന്വേഷണ കമീഷൻ 
വേണമെന്ന്‌ സെനറ്റർമാർ



വാഷിങ്‌ടൺ ജനുവരി ആറിലെ യുഎസ്‌ ക്യാപിറ്റോൾ ആക്രമണത്തെക്കുറിച്ച്‌ അന്വേഷിക്കാൻ കമീഷനെ വയ്‌ക്കണമെന്ന്‌ റിപ്പബ്ലിക്കൻ–- ഡെമോക്രാറ്റിക് സെനറ്റർമാർ ആവശ്യപ്പെട്ടു.  ആക്രമണം തടയാൻ സർക്കാരും സർക്കാർ ഏജൻസികളും പരാജയപ്പെട്ടതിന്റെ കാരണം കണ്ടെത്തണം. 2001 സെപ്‌തംബർ 11  ആക്രമണത്തെക്കുറിച്ച്‌ അന്വേഷിക്കാൻ നിയോഗിച്ചതിന്‌ സമാനമായി ഭരണ–- പ്രതിപക്ഷ സെനറ്റർമാർ ഉൾപ്പെടുന്ന കമീഷൻ വേണമെന്നാണ്‌ ആവശ്യം. ആക്രമണത്തിന്‌ ആഹ്വാനംചെയ്ത മുൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിനെതിരായ ഇംപീച്ച്‌മെന്റ്‌ സെനറ്റിൽ പരാജയപ്പെട്ടതിനെ തുടർന്നാണ്‌ പുതിയ നിർദേശം‌. സെപ്‌തംബർ 11 ആക്രമണം അന്വേഷിച്ച കമീഷൻ ഭാവിയിൽ ഇത്തരം പ്രശ്‌നങ്ങൾ ഒഴിവാക്കാൻ നിർദേശങ്ങൾ സമർപ്പിച്ചിരുന്നു. അതുപോലെ, ഭാവിയിൽ ക്യാപിറ്റോളിന്‌ നേർക്ക്‌ ഉണ്ടായേക്കാവുന്ന ആക്രമണങ്ങൾക്കെതിരെ കരുതിയിരിക്കാനാകണമെന്ന്‌ റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്‌സേ ഗ്രഹാം പറഞ്ഞു. തെരഞ്ഞെടുപ്പിനുശേഷം ട്രംപ്‌ നിലവിട്ട്‌ പെരുമാറിയതായും അദ്ദേഹം ഫോക്സ്‌ ന്യൂസിനോട്‌ പറഞ്ഞു. മുൻ വൈസ്‌ പ്രസിഡന്റ്‌ മൈക്‌ പെൻസ്‌, സ്പീക്കർ നാൻസി പെലൊസി എന്നിവരെ കൊല്ലുകയോ അപായപ്പെടുത്തുകയോ ചെയ്യുമെന്ന്‌ ആക്രമണകാരികൾ പ്രഖ്യാപിക്കുന്ന വീഡിയോയും ഡെമോക്രാറ്റ്‌ സെനറ്റർമാർ പ്രദർശിപ്പിച്ചു. ഇംപീച്ച്‌മെന്റ്‌ പരാജയപ്പെട്ടെങ്കിലും ആക്രമണത്തിന്റെ ഉത്തരവാദിത്തം ട്രംപ്‌ ഏറ്റെടുക്കണമെന്ന്‌ തന്നെയാണ്‌ ഡെമോക്രാറ്റുകളുടെയും ഭൂരിഭാഗം റിപ്പബ്ലിക്കന്മാരുടെയും വാദം. പ്രസിഡന്റ്‌ പദവിയിലിരുന്ന്‌ ചെയ്ത ഓരോ പ്രവൃത്തിയുടെയും ഉത്തരവാദിത്തം ട്രംപ്‌ ഏറ്റെടുക്കണമെന്ന്‌ സെനറ്റ്‌ റിപബ്ലിക്കൻ നേതാവ്‌ മിച്ച്‌ മക്‌ കോണൽ പറഞ്ഞു. സുരക്ഷാ വീഴ്ച അന്വേഷിക്കാൻ രണ്ട്‌ സെനറ്റ്‌ സമിതി രൂപീകരിച്ചു. നിലവിലെ സുരക്ഷാ സംവിധാനം വിലയിരുത്താൻ സ്പീക്കറോടും ആവശ്യപ്പെട്ടിട്ടുണ്ട്‌. സർക്കാർ നടത്തുന്ന വിവിധ അന്വേഷണങ്ങൾക്ക്‌ പുറമേ, ആക്രമണത്തിന്‌ ഇരയായവരുടെ ബന്ധുക്കളും ട്രംപിനെതിരെ കോടതിയെ സമീപിക്കാൻ സാധ്യതയുണ്ട്‌. ഫലത്തിൽ, വിചാരണയിൽനിന്ന്‌ തടിയൂരിയെങ്കിലും നീണ്ട നിയമയുദ്ധമാകും മുൻ പ്രസിഡന്റിനെ കാത്തിരിക്കുന്നത്‌. Read on deshabhimani.com

Related News