ക്യാപിറ്റോൾ കലാപം : അനുയായികളെ 
തള്ളിപ്പറഞ്ഞ്‌ ട്രംപ്‌



വാഷിങ്‌ടൺ ക്യാപിറ്റോൾ കലാപം നടത്തിയ തന്റെ അനുയായികളെ ഇംപീച്ച്‌മെന്റ്‌ വിചാരണയിൽ തള്ളിപ്പറഞ്ഞ്‌ ഡോണൾഡ്‌ ട്രംപ്‌. കലാപം നടത്താൻ ട്രംപ്‌ ആഹ്വാനം ചെയ്‌തുവെന്ന കുറ്റം ‘ ഭീകര നുണ’യാണെന്ന്‌ അദ്ദേഹത്തിന്റെ അഭിഭാഷക സംഘം സെനറ്റ്‌ വിചാരണയിൽ പറഞ്ഞു. ഇംപീച്ച്‌മെന്റ്‌ നടപടികൾ രാഷ്ട്രീയ താൽപ്പര്യത്തോടെയുള്ള വേട്ടയാണെന്നും അഭിഭാഷകർ വാദിച്ചു. ട്രംപ്‌ ക്യാപിറ്റോളിൽ നടന്ന അരാജകത്വത്തെ പിന്തുണയ്‌ക്കുന്ന ആളല്ലെന്നും ക്രമ സമാധാനത്തിനൊപ്പമാണെന്നും ട്രംപിന്റെ  അഭിഭാഷകൻ ബ്രൂസ് കാസ്റ്റർ  അവകാശപ്പെട്ടു. ട്രംപിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങളിൽ തെളിവില്ല. രാഷ്ട്രീയ എതിരാളിയെ ഇല്ലാതാക്കാനാണ്‌ ഡെമോക്രാറ്റുകളുടെ ശ്രമം. കലാപത്തിന്‌ പ്രേരിപ്പിച്ചുവെന്നാണ്‌ കുറ്റം. എന്നാൽ, കലാപംതന്നെ ഉണ്ടായിട്ടില്ലെന്ന്‌ അഭിഭാഷകനായ കാസ്റ്റർ പറഞ്ഞു. ട്രംപിന്റെ ഭാഗം വിശദീകരിക്കാൻ 16 മണിക്കൂർ നൽകിയിരുന്നുവെങ്കിലും നാലു മണിക്കുറിനകം വിശദീകരണം പൂർത്തിയാക്കി. ക്യാപിറ്റോൾ ആക്രമണത്തിൽ എന്താണ്‌ സംഭവിച്ചതെന്ന്‌ മനസ്സിലാക്കാൻ സാമാന്യബോധം ഉപയോഗിക്കണമെന്ന്‌ ഇംപീച്ച്‌മെന്റ്‌ മാനേജർമാരിൽ ഒരാളായ റസ്‌കിൻ പറഞ്ഞു. ഇരു വിഭാഗത്തിന്റെയും വാദം പൂർത്തിയാക്കിയശേഷം  100 അംഗ സെനറ്റ്‌ വോട്ടെടുപ്പ്‌ നടത്തും. ട്രംപിനെ ശിക്ഷിക്കാൻ 67 വോട്ട്‌ ആവശ്യമാണ്‌. 50 ഡെമോക്രാറ്റ്‌ പ്രതിനിധികളാണ്‌ സഭയിലുള്ളത്‌. 17 റിപ്പബ്ലിക്കന്മാരുടെയും പിന്തുണ ലഭിച്ചാലാണ്‌ നടപടിയെടുക്കാൻ കഴിയുക. ട്രംപിനെ ശിക്ഷിച്ചാൽ വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന്‌ വിലക്കാൻ സെനറ്റ്‌ വോട്ട്‌ ചെയ്യും. Read on deshabhimani.com

Related News