സര്‍ക്കാര്‍ ശമ്പള പരിഷ്‌കരണം പ്രഖ്യാപിച്ചു; ബ്രിട്ടനില്‍ പണിമുടക്ക് സമരത്തിന്‌ ഐതിഹാസിക വിജയം

Photo Credit: Jeremy Corbyn/Facebook


ലണ്ടന്‍ > കഴിഞ്ഞ മൂന്ന് മാസമായി പിക്കറ്റ് ലൈനുകളിലായിരുന്ന ഇംഗ്ലണ്ടിലെ ആയിരക്കണക്കിന് എൻഎച്ച്എസ് തൊഴിലാളികൾക്ക് ഇന്ന് വിജയദിനം. യൂണിയനുകളുമായി നടത്തിയ ചര്‍ച്ചക്കൊടുവില്‍ സര്‍ക്കാര്‍ ഇന്ന് പുതിയ ശമ്പള പരിഷ്‌കരണം പ്രഖ്യാപിച്ചു. ഇത് ബ്രിട്ടനിലെ പൊരുതുന്ന തൊഴിലാളി വര്‍ഗത്തിന്റെ വിജയവും അതോടൊപ്പം ഇത്രയും നാള്‍ യൂനിയനുകളുമായി ഈ വര്‍ഷത്തെ ശമ്പള പരിഷ്ക്കരണം ഒരിക്കലും നടത്തില്ല എന്ന   ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഋഷി സുനക്കിന്റെ വാശിക്കെതിരെയുള്ള തിരിച്ചടിയും കൂടിയാണ്. ഏതാനും ആഴ്‌ചകൾ മുമ്പ് വരെ, ഈ വർഷത്തെ ശമ്പള ഇടപാട് പുനഃപരിശോധിക്കാൻ കഴിയില്ലെന്നും ആരോഗ്യ പ്രവർത്തകർക്ക് അധിക പണം കണ്ടെത്തുന്നത് കുതിച്ചുയരുന്ന പണപ്പെരുപ്പത്തിനെതിരായ പോരാട്ടത്തെ അപകടത്തിലാക്കുമെന്നുമാണ് സർക്കാർ  ആവര്‍ത്തിച്ചു പ്രഖ്യാപിച്ചത്. എന്നാല്‍ ബ്രിട്ടന്റെ ചരിത്രത്തില്‍ ആദ്യമായി നേഴ്‌സുമാരുടെ മാത്രം യൂണിയനായ ആര്‍സിഎന്‍ അടക്കമുള്ള യൂണിയനുകള്‍ പണിമുടക്കി പിക്കറ്റ് ലൈനില്‍ അണിനിരന്നപ്പോള്‍ സര്‍ക്കാരിന് വാക്ക് മാറ്റി പുതുക്കിയ ഓഫര്‍ നല്‍കേണ്ടി വന്നു. ഇതനുസരിച്ച് ഈ വര്‍ഷ ശമ്പളത്തില്‍, ഇതിനകം നല്‍കിയ വര്‍ധനവിന് പുറമേ,  ബോണസ്സായി  ആറ്‌ ശതമാനവും അടുത്ത ഏപ്രില്‍ മുതല്‍ അഞ്ച്‌ ശതമാനവും വര്‍ധനവ്‌ നല്‍കും. ഏറ്റവും താഴെക്കിടയില്‍ ഉള്ള ജീവനക്കാര്‍ക്ക് പത്ത്‌ ശതമാനംവരെ  വര്‍ധനവും ലഭിക്കും. യൂണിയനുകള്‍ സര്‍ക്കാരുമായി ഉണ്ടാക്കിയ പുതിയ കരാര്‍ സ്വീകരിക്കണോ വേണ്ടയോ എന്ന്  യൂണിയൻ അംഗങ്ങൾ വോട്ടു രേഖപ്പെടുത്തി അന്തിമ തീരുമാനം എടുക്കും. സര്‍ക്കാര്‍ സമരത്തെ തള്ളിപ്പറഞ്ഞപ്പോഴും ഓരോ തവണയും എൻഎച്ച്എസ് തൊഴിലാളികൾ പണിമുടക്കിയപ്പോള്‍ ബ്രിട്ടനിലെ പൊതു ജനങ്ങള്‍ വമ്പിച്ച പിന്തുണയാണ് സമരത്തിനു നല്‍കിയത്. Read on deshabhimani.com

Related News