ബ്രിട്ടനിൽ വീണ്ടും റെയിൽ സമരം



ലണ്ടൻ മെച്ചപ്പെട്ട വേതനം ആവശ്യപ്പെട്ട്‌ റെയിൽവേ തൊഴിലാളികൾ പണിമുടക്കിയതോടെ ബ്രിട്ടനിൽ ട്രെയിൻ ഗതാഗതം വീണ്ടും സ്തംഭിച്ചു. ചൊവ്വ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിലാണ്‌ റെയിൽ, മാരിടൈം ആൻഡ്‌ ട്രാൻസ്‌പോർട്ട്‌ യൂണിയൻ സമരം പ്രഖ്യാപിച്ചിരിക്കുന്നത്‌. ആസ്‌ലെഫ്‌ യൂണിയന്റെ ഡ്രൈവർമാർ വ്യാഴാഴ്ചയും പണിമുടക്കും. ചൊവ്വാഴ്ചത്തെ പണിമുടക്കിൽ യുകെയിൽ പകുതി ട്രെയിൻ സർവീസുകളും നിലച്ചു. സ്കോട്ട്‌ലൻഡ്‌, വെയിൽസ്‌ എന്നിവിടങ്ങളിൽ പണിമുടക്ക്‌ പൂർണമായിരുന്നു. കടുത്ത സാമ്പത്തികപ്രതിസന്ധിയിലേക്ക്‌ നീങ്ങുന്ന ബ്രിട്ടനിൽ 11.1 ശതമാനമാണ്‌ പണപ്പെരുപ്പം. 41 വർഷത്തെ ഏറ്റവും ഉയർന്ന നിലയാണിത്‌. വിലക്കയറ്റം രൂക്ഷമാകുമ്പോഴും വേതനവർധനയെന്ന തൊഴിലാളികളുടെ ആവശ്യത്തോട്‌ സർക്കാർ മുഖംതിരിക്കുകയാണ്‌. സമരം ഒഴിവാക്കാൻ സർക്കാർ പ്രഖ്യാപിച്ച തുച്ഛമായ വേതന വർധന തൊഴിലാളികൾ തള്ളിയിരുന്നു. സമാന ആവശ്യമുന്നയിച്ച്‌ നഴ്‌സുമാർ, ആംബുലൻസ്‌ ഡ്രൈവർമാർ, തപാൽ ജീവനക്കാർ, പ്രതിരോധ മേഖലയിലെ തൊഴിലാളികൾ തുടങ്ങി ബ്രിട്ടനിൽ സമസ്ത മേഖലയിലും തൊഴിലാളികൾ സമരം ചെയ്യുകയാണ്‌. Read on deshabhimani.com

Related News