ബ്രിട്ടനില്‍ തുറമുഖ തൊഴിലാളികളും പണിമുടക്കി



ലണ്ടൻ രാജ്യത്തെ ഗതാഗത മേഖലയിൽ തൊഴിലാളി പ്രക്ഷോഭം തുടരുന്നതിനിടെ പണിമുടക്കിൽ അണിചേർന്ന്‌ ബ്രിട്ടനിലെ ഏറ്റവും വലിയ കണ്ടെയ്‌നർ തുറമുഖത്തിലെ തൊഴിലാളികളും. വടക്കുകിഴക്കൻ ലണ്ടനിലെ ഫെലിക്‌സ്‌റ്റോ തുറമുഖത്തിലെ തൊഴിലാളികളാണ്‌ അനിശ്ചിതകാല പണിമുടക്ക്‌ തുടങ്ങി. വേതന വർധന ആവശ്യപ്പെട്ടാണ്‌ സമരം. യുണൈറ്റ്‌ എന്ന തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന പണിമുടക്കിൽ രണ്ടായിരത്തോളം തൊഴിലാളികൾ പങ്കെടുക്കുന്നു. ബ്രിട്ടണില്‍ കപ്പൽ വഴിയുള്ള ചരക്കുകൈമാറ്റത്തിന്റെ പകുതിയോളം നടക്കുന്നത്‌ ഫെലിക്‌സ്‌റ്റോ തുറമുഖം വഴിയാണ്‌. രണ്ടായിരം കപ്പലിലെ 40 ലക്ഷം കണ്ടെയ്‌നറാണ്‌ ഇവിടെ കൈകാര്യം ചെയ്യുന്നത്‌. എന്നാൽ, രാജ്യത്തെ വിലക്കയറ്റത്തിന് ആനുപാതികമായി കമ്പനി വേതനം നൽകുന്നില്ലെന്ന്‌ തൊഴിലാളികൾ പറയുന്നു. ഒരാഴ്‌ചയായി ജോലിയിൽനിന്ന്‌ വിട്ടുനിൽക്കുന്ന തൊഴിലാളികൾ ഞായർമുതലാണ്‌ പണിമുടക്ക്‌ പ്രഖ്യാപിക്കുകയും ധർണ ആരംഭിക്കുകയും ചെയ്‌തത്‌. വേതന നിരക്ക്‌ ആവശ്യപ്പെട്ട്‌ ബ്രിട്ടനിലെ റെയിൽവേ തൊഴിലാളികളും സമരത്തിലാണ്‌. ശനിയാഴ്‌ച അഞ്ചിലൊന്ന്‌ ട്രെയിനുകൾമാത്രമാണ്‌ ഓടിയത്‌. പോസ്റ്റൽ, ടെലികോം, മാലിന്യ ശേഖരണ തൊഴിലാളികൾ, അഭിഭാഷകർ എന്നിവരും പണിമുടക്ക്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌.   Read on deshabhimani.com

Related News