കടിച്ചുതൂങ്ങി ബോറിസ്‌ ; 24 മണിക്കൂറില്‍ രാജിവച്ചത് മന്ത്രിമാർ ; സർക്കാർ പ്രതിസന്ധിയിൽ



ലണ്ടൻ ഭരണത്തിൽ അതൃപ്തി രേഖപ്പെടുത്തി മന്ത്രിസഭാംഗങ്ങളുടെ കൂട്ടരാജി തുടരുന്നതോടെ ബ്രിട്ടനിൽ ബോറിസ്‌ ജോൺസൻ സർക്കാർ പ്രതിസന്ധിയിൽ. ബുധൻ വൈകിട്ടോടെ ആറ്‌ മന്ത്രിമാർകൂടി രാജിവച്ചു. ഇതോടെ 24 മണിക്കൂറിനുള്ളിൽ മന്ത്രിമാർ, സോളിസിറ്റർ ജനറൽ, ഉന്നത നയതന്ത്ര പ്രതിനിധികൾ എന്നിവർ ഉൾപ്പെടെ രാജിവച്ചവരുടെ എണ്ണം 34 ആയി. ബുധനാഴ്ച അവസാനമായി രാജി പ്രഖ്യാപിച്ച ഭവനമന്ത്രി മൈക്കിൾ ഗോവ്‌ പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന്‌ ആവശ്യപ്പെട്ടു. കൺസർവേറ്റീവ്‌ ചീഫ്‌ വിപ്പ്‌ ക്രിസ്‌ പിഞ്ചറിനെതിരെ ഉയർന്ന ലൈംഗികാരോപണത്തിൽ ബോറിസ്‌ ജോൺസൻ സ്വീകരിച്ച നടപടിയിൽ അതൃപ്തി പ്രകടിപ്പിച്ചാണ്‌ രാജിപ്രളയം. രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി തരണംചെയ്യാൻ സർക്കാർ സ്വീകരിക്കുന്ന മാർഗങ്ങളിലും മന്ത്രിമാർ അതൃപ്തി പ്രകടിപ്പിച്ചു. കോവിഡിൽ രാജ്യം മുഴുവൻ അടച്ചിട്ടപ്പോൾ വിരുന്നുകളിൽ പങ്കെടുത്തതോടെയാണ്‌ ബോറിസ്‌ ജോൺസനെ പ്രതിപക്ഷവും ഭരണപക്ഷവും ഒരുപോലെ കൈവിട്ടത്‌. കൺസർവേറ്റീവ്‌ അംഗങ്ങളുടെ അവിശ്വാസപ്രമേയത്തെ കഴിഞ്ഞമാസം അതിജീവിച്ചെങ്കിലും ധാർമികതയുടെ പേരിൽ ജോൺസൻ രാജിവയ്ക്കണമെന്ന ആവശ്യം സ്വന്തം പാർടിയിൽനിന്നും ഉയര്‍ന്നു. അതിനിടെയാണ്‌ നേരത്തേതന്നെ ലൈംഗികാരോപണം നേരിട്ടിരുന്ന പിഞ്ചറിനെ പ്രധാനസ്ഥാനത്തേക്ക്‌ നിയമിച്ച്‌ വീണ്ടും കുടുക്കിലായത്‌. കൂട്ടരാജിയുടെ പശ്ചാത്തലത്തിൽ ബോറിന്റെ രാജി ആവശ്യം വീണ്ടും ശക്തമായി. അവിശ്വാസപ്രമേയങ്ങൾക്കിടയിൽ ഒരു വർഷം ഇടവേള വേണമെന്ന നിയമസാങ്കേതികതയാണ്‌ ജോൺസന്‌ തുണയാകുന്നത്‌. ജോൺസൻ രാജിവച്ചാൽ അടുത്ത പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജന്‍ റിഷി സുനാക്‌ ഉൾപ്പെടെയുള്ളവരുടെ പേരും ഉയരുന്നു. എന്നാൽ, പാർലമെന്റ്‌ ലെയ്‌സൻ കമ്മിറ്റിയുടെ ചോദ്യംചെയ്യലിന്‌ ഹാജരായ ജോൺസൻ, രാജി വയ്ക്കില്ലെന്ന്‌ പ്രഖ്യാപിച്ചു. ചൊവ്വ രാത്രി രാജിവച്ച ധനമന്ത്രി റിഷി സുനാകിന്‌ പകരം ഇറാഖി, കുർദിസ്ഥാൻ വംശജനായ നാദിം സഹാവിയെ നിയമിച്ചു.   Read on deshabhimani.com

Related News