പിന്മാറ്റം: തീരുമാനത്തിൽ 
ഉറച്ചുനിൽക്കുന്നു : ജോ ബൈഡൻ



വാഷിങ്‌ടൺ അഫ്‌ഗാൻ താലിബാൻ  പിടിച്ചെടുത്തതിന്റെ വേഗത കണക്കുകൂട്ടലുകൾ തെറ്റിച്ചെന്ന്‌ അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ. എന്നാൽ, 20 വർഷത്തെ യുദ്ധം അവസാനിപ്പിച്ച്‌ സേനയെ പിൻവലിക്കാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നെന്നും അദ്ദേഹം പറഞ്ഞു. സൈനിക പിന്മാറ്റം ഉചിതമായി കൈകാര്യം ചെയ്തില്ലെന്ന വിമർശം ശക്തമായ പശ്ചാത്തലത്തിൽ വൈറ്റ്‌ ഹൗസിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ബൈഡൻ. ‘അഫ്‌ഗാനിൽനിന്നുള്ള ദൃശ്യങ്ങൾ ഹൃദയഭേദകമാണ്‌. എന്നാൽ, പിന്മാറ്റത്തിന്‌ ഉചിതമായ സമയം ഒരിക്കലും ഉണ്ടാകില്ല. തീരുമാനത്തിലെ അപകടങ്ങളെപ്പറ്റി വ്യക്തമായ ധാരണയുണ്ടായിരുന്നു. ഏത്‌ സാഹചര്യവും നേരിടാൻ തയ്യാറെടുത്തിരുന്നു. പ്രതീക്ഷിച്ചതിനേക്കാൾ വേഗം സ്ഥിതി മാറി. അഫ്‌ഗാൻ നേതൃത്വം രാജ്യം ഉപേക്ഷിച്ച്‌ രക്ഷപ്പെട്ടു. ജനങ്ങൾക്കായി പോരാടാൻ അഫ്‌ഗാൻ നേതാക്കളും സൈന്യവും തയ്യാറല്ലെങ്കിൽ അമേരിക്കയിൽനിന്ന്‌ കൂടുതൽ പ്രതീക്ഷിക്കുന്നതിൽ അർഥമില്ല. അഫ്‌ഗാന്‌ ഇപ്പോൾ താലിബാനെ എതിർക്കാനാകുന്നില്ലെങ്കിൽ 20 വർഷം കൂടി തുടർന്നാലും വലിയ മാറ്റമുണ്ടാകില്ല’–- ബൈഡൻ പറഞ്ഞു. അമേരിക്കൻ ഉദ്യോഗസ്ഥരെ അപായപ്പെടുത്തിയാൽ വലിയ തിരിച്ചടിയുണ്ടാകുമെന്ന്‌ ബൈഡൻ താലിബാന്‌ മുന്നറിയിപ്പ്‌ നൽകി. Read on deshabhimani.com

Related News