ചെെനയെ തടയാൻ ഔകസ്‌ ; ഓസ്‌ട്രേലിയക്ക്‌ ആണവ 
അന്തർവാഹിനി; കരാർ ഒപ്പിട്ടു



വാഷിങ്‌ടൺ ഓസ്‌ട്രേലിയക്ക്‌ ആണവ അന്തർവാഹിനി നിർമിച്ചുനൽകാനുള്ള കരാറിൽ ഒപ്പിട്ട്‌ അമേരിക്കയും ബ്രിട്ടനും ഓസ്‌ട്രേലിയയും. മൂന്ന്‌ രാജ്യവും ഉൾപ്പെട്ട ഔകസ്‌ സഖ്യത്തിന്റെ മുൻധാരണ പ്രകാരമാണിത്‌. അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ, ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഋഷി സുനക്‌, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്‌ എന്നിവർ സാൻ ഡിയേഗോയിലാണ്‌ ചർച്ചയ്ക്കുശേഷം പ്രഖ്യാപനം നടത്തിയത്‌. 2030 മുതൽ അമേരിക്ക മൂന്ന്‌ വെർജീനിയ ക്ലാസ്‌ എസ്‌എസ്‌എൻ അന്തർവാഹിനികൾ ഓസ്‌ട്രേലിയക്ക്‌ വിൽക്കും. രണ്ടെണ്ണംകൂടി പിന്നീട്‌ ലഭ്യമാക്കും. യുകെയുടെ സാങ്കേതികവിദ്യയും അമേരിക്കൻ രൂപകൽപ്പനയും സംയോജിപ്പിച്ച്‌ നിർമിക്കുന്ന അന്തർവാഹിനികളാണ്‌ ഇവ. ഓസ്‌ട്രേലിയൻ തുറമുഖങ്ങളിൽ യുഎസിന്റെ ആണവ അന്തർവാഹിനികൾ പരിശോധനയും നടത്തിത്തുടങ്ങി.  അതേസമയം, ഔകസിന്റെ പുതിയ പ്രഖ്യാപനത്തെ രൂക്ഷമായി ചൈന വിമർശിച്ചു. ആണവനിർവ്യാപനത്തിന്‌ എതിരായി, വിനാശത്തിന്റെ ദിശയിലേക്കാണ്‌ സഖ്യത്തിന്റെ പോക്കെന്ന്‌ ചൈനീസ്‌ വിദേശ വക്താവ്‌ വാങ്‌ വെൻബിൻ പറഞ്ഞു.  ഇന്തോ പസഫിക്‌ മേഖലയിലെ ചൈനയുടെ സ്വാധീനം ചെറുക്കാനായി അമേരിക്ക രൂപീകരിച്ചതാണ്‌ ഔകസ്‌ സഖ്യം. Read on deshabhimani.com

Related News