ചൈനാവിരുദ്ധസഖ്യം: രോഷത്തോടെ ഫ്രാന്‍സ്; യുഎസ്‌, ഓസ്‌ട്രേലിയ സ്ഥാനപതിമാരെ 
തിരിച്ചുവിളിച്ചു



പാരിസ്‌ > പുത്തന്‍ ചൈനവിരുദ്ധ സംഖ്യത്തിന്റെ ഭാ​ഗമായി ഓസ്‌ട്രേലിയക്ക് ആണവ അന്തര്‍വാഹിനി നിര്‍മിച്ചുനല്‍കാനുള്ള ബ്രിട്ടീഷ്, അമേരിക്കന്‍ നീക്കത്തില്‍ പ്രതിഷേധം കടുപ്പിച്ച് ഫ്രാന്‍സ്. അമേരിക്ക, ഓസ്‌ട്രേലിയ സ്ഥാനപതിമാരെ ഫ്രാൻസ്‌ തിരിച്ചുവിളിച്ചു. പുതിയ കരാര്‍ പശ്ചാത്തലത്തിൽ 12 ഡീസൽ അന്തർവാഹിനി ഇറക്കുമതി ചെയ്യുന്നതിന്‌  ഫ്രാൻസ്‌ ഓസ്‌ട്രേലിയയുമായി 2016ല്‍ ഒപ്പുവച്ച 9000 കോടിയുടെ കാരാർ റദ്ദാകും. ഇതോടെയാണ് നയതന്ത്രബന്ധം വിച്ഛേദിക്കുന്ന കടുത്ത നടപടിയിലേക്ക്  ഫ്രാൻസ്‌ കടന്നത്. പിന്നിൽനിന്ന്‌ കുത്തുന്നതിനു സമാനമാണ്‌ പുതിയ സഖ്യത്തിന്റെ തീരുമാനമെന്ന്‌ ഫ്രാൻസ്‌ വിദേശമന്ത്രി ജീൻ വീസ്‌ ഡെ ഡ്രെയിൻ പറഞ്ഞു. നടപടി അപൂർവമാണ്‌. എന്നാൽ, അപൂർവമായ അവസ്ഥയിൽ ഇതാവശ്യമാണ്‌. പ്രസിഡന്റ്‌ ഇമ്മാനുവൽ മക്രോണിന്റെ നിർദേശപ്രകാരമാണ്‌ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. പുതിയ സഖ്യത്തെക്കുറിച്ച്‌ മുൻകൂട്ടി അറിയിക്കാത്തതിലും ഫ്രാൻസിന്‌ പ്രതിഷേധമുണ്ട്‌. ബുധനാഴ്‌ച പരസ്യമായി പ്രഖ്യാപിച്ചപ്പോഴാണ്‌ സഖ്യത്തെക്കുറിച്ച്‌ ഫ്രാൻസ്‌ അറിയുന്നത്‌. ഓസ്ട്രേലിയ ചെയ്തത് കടുത്ത അപരാധമാണെന്ന് ഫ്രാൻസ് സ്ഥാനപതി ഴാങ് പിയറി തെബൗത് പ്രതികരിച്ചു. സഖ്യരൂപീകരണ പ്രഖ്യാപനമുണ്ടായി പതിനേഴാം മണിക്കൂറില്‍ അദ്ദേഹം ഓസ്ട്രേലിയ വിട്ടു. ഫ്രാൻസിന്റെ നടപടിയിൽ നിരാശയുണ്ടെന്ന്‌ വൈറ്റ്‌ ഹൗസ്‌ അധികൃതർ പറഞ്ഞു. ഫ്രാൻസുമായി സഹകരണം തുടരുമെന്നും വരുംദിവസങ്ങളിൽ ചർച്ച ചെയ്ത്‌ പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുമെന്നും അവർ പറഞ്ഞു. ഫ്രാൻസിന്റെ പ്രശ്‌നം എന്താണെന്ന്‌ മനസ്സിലാകുന്നുണ്ടെന്നും ഇരു രാജ്യവും തമ്മിലുള്ള ബന്ധം ഫ്രാൻസ്‌ മനസ്സിലാക്കുമെന്ന്‌ പ്രതീക്ഷിക്കുന്നതായും ഓസ്‌ട്രേലിയൻ വിദേശമന്ത്രി മാറിസ്‌ പൈനെ പറഞ്ഞു. Read on deshabhimani.com

Related News