യെമനിലെ മാരിബിനായി പോരാട്ടം രൂക്ഷം; 50 പേര്‍ കൊല്ലപ്പെട്ടു



മനാമ > യെമനിലെ മാരിബ് ഗവര്‍ണറേറ്റിനായി ഹുതിമിലിഷ്യകളും സര്‍ക്കാര്‍ സേനയും കനത്ത പോരാട്ടത്തില്‍. ഇരു ഭാഗത്തുമായി കഴിഞ്ഞ 48 മണിക്കൂറിനിടെ 50 പേര്‍ മരിച്ചു. മരിച്ചവരില്‍ 43 പേര്‍ ഹുതി മിലിഷ്യ അംഗങ്ങളാണ്. സൗദി സഖ്യസേനാ ബോംബാക്രമണത്തിലാണ് ഇവരുടെ മരണമെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‌തു. മാരിബിന്റെ നിയന്ത്രണത്തിന് വേണ്ടി ഹുതിമിലിഷ്യകളും സര്‍ക്കാര്‍ സേനയും കഴിഞ്ഞ ഒരു വര്‍ഷമായി യുദ്ധത്തിലാണ്. ഈ മാസം മാത്രം ഏറ്റുമുട്ടലില്‍ 400 ഒളാളം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ കിഴക്കന്‍ ഭാഗത്തെ അവസാനത്തെ സര്‍ക്കാര്‍ ശക്തി കേന്ദ്രമാണ് എണ്ണ സമ്പന്നമായ മാരിബ് ഗവര്‍ണറേറ്റ്. തലസ്ഥാനമായ സനയില്‍ നിന്ന് 170 കിലോമീറ്റര്‍ വടക്ക് കിഴക്കാണ് മാരിബ്. യെമന്റെ തെക്കും വടക്കും ഭാഗങ്ങളുടെ ഇടയ്ക്കുള്ള പ്രധാന മേഖലയാണത്. കഴിഞ്ഞ വര്‍ഷം ആഗസ്ത് പത്തോടെയാണ് ഈ ഗവര്‍ണറേറ്റിനെ ലക്ഷ്യമിട്ട് ഹുതികള്‍ ആക്രമണം ശക്തമാക്കിയത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ നഗരം പിടിച്ചടക്കാനുള്ള ആക്രമണം ഹുതികള്‍ വീണ്ടും ശക്തമാക്കി. 2014 ലാണ് യെമന്‍ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. അതിനുശേഷം കനത്ത ആക്രമണങ്ങള്‍ നടക്കുന്നത് മാരിബിന് വേണ്ടിയാണ്. Read on deshabhimani.com

Related News