ഹിരോഷിമ ദിനം : ആണവനിർവ്യാപന 
ആഹ്വാനവുമായി ഗുട്ടെറസ്‌



ടോക്യോ ലോകത്തെ നടുക്കി അമേരിക്ക ഹിരോഷിമയിൽ അണുബോംബ്‌ ഇട്ടതിന്റെ എഴുപത്തേഴാം വാർഷികത്തിൽ ആണവ നിർവ്യാപന ആഹ്വാനവുമായി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്‌. ആണവായുധങ്ങൾ അസംബന്ധമാണെന്നും അവ സുരക്ഷയല്ല, മരണവും അപകടവുമാണ്‌ ഉറപ്പുനൽകുന്നതെന്നും ഗുട്ടെറസ്‌ പറഞ്ഞു. 1945ലെ അപകടത്തിൽനിന്ന്‌ എന്ത്‌ പഠിച്ചെന്ന്‌ വിലയിരുത്തണം. മധ്യപൗരസ്ത്യദേശത്തിലും കൊറിയൻ ഉപദ്വീപിലും ആണവായുധ സമാഹരണം നടക്കുന്നു. അന്ത്യയുദ്ധത്തിന്‌ ഒരു തെറ്റിന്റെയോ മിഥ്യാധാരണയുടെയോ അകലത്തിലാണ്‌ ലോകം–- ഗുട്ടെറസ്‌ ഓർമിപ്പിച്ചു. ഹിരോഷിമ മേയർ കസുമി മറ്റ്‌സുയി സമാധാന പ്രഖ്യാപനം നടത്തി. ലോകമെമ്പാടുനിന്നുമുള്ള പ്രതിനിധികളും ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും പങ്കെടുത്തു. അമേരിക്ക നഗരത്തിൽ അണുബോംബിട്ട അതേസമയമായ രാവിലെ 8.15ന്‌ സമാധാന മണി മുഴക്കിയാണ്‌ ചടങ്ങ്‌ തുടങ്ങിയത്‌. സമാധാന സന്ദേശവുമായി 400 പ്രാവുകളെയും പറത്തി. ചടങ്ങിനുശേഷം ജപ്പാൻ പ്രധാനമന്ത്രി ഫ്യുമിയോ കിഷിദയുമായി കൂടിക്കാഴ്ച നടത്തിയ ഗുട്ടെറസ്‌ ആണവനിർവ്യാപന ശ്രമങ്ങൾക്ക്‌ ജപ്പാൻ മുൻകൈയെടുക്കണമെന്ന്‌ നിർദേശിച്ചു. Read on deshabhimani.com

Related News