ജറുസലേമിൽ വെടിവയ്‌പ്‌; 7 മരണം

കിഴക്കൻ ജറുസലേമിൽ ഏഴ്‌ പേർ കൊല്ലപ്പെട്ട വെടിവയ്‌പിന്‌ പിന്നാലെ ഇസ്രയേൽ സേന സുരക്ഷ ശക്തമാക്കിയപ്പോൾ


ജറുസലേം> കിഴക്കൻ ജറുസലേമിലെ ജൂത ആരാധനാലയത്തിനു സമീപം നടന്ന  വെടിവയ്പിൽ വയോധികയടക്കം ഏഴുപേർ കൊല്ലപ്പെട്ടു. അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ സേനയുടെ വെടിവയ്പിൽ കഴിഞ്ഞദിവസം 10 പലസ്തീൻകാർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് കിഴക്കൻ ജറുസലേമിൽ ആക്രമണമുണ്ടായത്. വെടിയേറ്റവരിൽ അഞ്ചുപേർ സംഭവസ്ഥലത്തു തന്നെ മരിച്ചതായി ഇസ്രയേൽ ദുരന്തനിവാരണസേന അറിയിച്ചു. അഞ്ച് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. വെടിവയ്പിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച അക്രമിയെ പൊലീസ് പിന്തുടർന്ന് വെടിവച്ചുകൊന്നു. കിഴക്കൻ ജറുസലേമിലുള്ള  ഇരുപത്തൊന്നുകാരനായ പലസ്തീൻ സ്വദേശിയാണ് വെടിയുതി‍ര്‍ത്തതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകൾ. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആക്രമണസ്ഥലം സന്ദർശിച്ചു. ആക്രമണത്തെ ഇന്ത്യയും യുഎസും അപലപിച്ചു. ജറുസലേമിൽ നടന്ന തീവ്രവാദി ആക്രമണത്തെ അപലപിക്കുന്നതായി ഇന്ത്യയുടെ വിദേശ വക്താവ്‌ അരിന്ദം ബാഗ്‌ചി ട്വീറ്റ്‌ ചെയ്‌തു. യുഎൻ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസും ആക്രമണത്തെ അപലപിച്ചു. ഇസ്രയേലിലും വെസ്റ്റ് ബാങ്ക് അടക്കമുള്ള അധിനിവേശ മേഖലകളിലും വര്‍ധിച്ചുവരുന്ന ആക്രമണങ്ങളില്‍ യുഎന്‍ ആശങ്ക അറിയിച്ചു. ഇരുകൂട്ടരും സംയമനം പാലിക്കണമെന്ന്  യുഎൻ ജനറല്‍ സെക്രട്ടറി അഭ്യര്‍ഥിച്ചു. വെസ്റ്റ്‌ബാങ്കിൽ 2022ൽ 150 പലസ്‌തീൻകാര്‍ കൊല്ലപ്പെട്ടു. ജനുവരിയില്‍മാത്രം  29 പേരാണ് വെസ്റ്റ് ബാങ്കില്‍ കൊല്ലപ്പെട്ടത്‌. ഇസ്രയേലിൽ തീവ്രവലതുപക്ഷ നേതാവ്‌ ബെന്യാമിൻ നെതന്യാഹു അധികാരത്തിൽ എത്തിയതോടെ ആക്രമണം വർധിച്ചതായാണ്‌ റിപ്പോർട്ട്‌. Read on deshabhimani.com

Related News