തീവ്രവാദ പ്രചാരണം: സൗദിയില്‍ 6,824 ടെലിഗ്രാം ചാനലുകള്‍ പൂട്ടി; 1.5 കോടി ഉള്ളടക്കം നീക്കി



മനാമ > സൗദിയില്‍ ടെലിഗ്രാം ആപ്പിലൂടെ തീവ്രവാദ പ്രചരണം നടത്തിയിരുന്ന 6,824 ചാനലുകള്‍ കഴിഞ്ഞ വര്‍ഷം അടച്ചുപൂട്ടി. ടെലിഗ്രാമില്‍ നിന്ന് 1,50,21,951 തീവ്രവാദ ഉള്ളടക്കം നീക്കം ചെയ്‌തു. ടെലിഗ്രാമിന്റെ സഹകരണത്തോടെ റിയാദ് ആസ്ഥാനമായ തീവ്രവാദ ആശയങ്ങള്‍ നേരിടുന്നതിനുള്ള ആഗോള കേന്ദ്ര(ഇഅ്തിദാല്‍)മാണ് നടപടി സ്വീകരിച്ചത്. 2022 ഫെബ്രുവരി 21 മുതല്‍ ഡിസംബര്‍ അവസാനംവരെയുള്ള കാലയളവിലാണ് ഇത്രയും ടെലിഗ്രാം ചാനലുകള്‍ അടച്ചുപൂട്ടിയതും ഉള്ളടക്കം നീക്കിയതും. അല്‍ ഖ്വായ്ദ, ഐസ്‌ഐസ്, ഹയാത്ത് തഹ്‌രീര്‍ അല്‍ ഷാം എന്നീ ഭീകരവാദ സംഘടനകളുടെ ടെലിഗ്രാംവഴിയുള്ള പ്രചാരണമാണ് സര്‍ക്കാര്‍ തകര്‍ത്തത്. തഹ്‌രീര്‍ അല്‍-ഷാമിന്റെ 1,676 തീവ്രവാദ ചാനലുകള്‍ അടപ്പിച്ചു. ഇതുവഴി പ്രചരിപ്പിച്ച 76,45,650 ഉള്ളടക്കം നീക്കി. ഐസിന്റെ 4,359 ടെലിഗ്രാം ചാനല്‍ പൂട്ടുകയും 5,458,027 ഉള്ളടക്കം നീക്കുകയും ചെയ്തു, അല്‍ ഖ്വായ്ദയുടെ 789 ചാനലാണ് കഴിഞ്ഞ വര്‍ഷം പൂട്ടിച്ചത്. ഇതിലെ 19,18,274 ഉള്ളടക്കം നീക്കി. സെപ്‌തംബര്‍ മുതല്‍ ഡിസംബര്‍ വരെ മാത്രം ഭീകരവാദ സംഘടനകള്‍ 3,616 ചാനലുകളില്‍ പ്രസിദ്ധീകരിച്ച 84,94,035 തീവ്രവാദ ഉള്ളടക്കങ്ങള്‍ നിരീക്ഷിച്ച് നീക്കം ചെയ്യാനായതായി ഇഅ്തിദാല്‍ അറിയിച്ചു. ഇതില്‍ ഏറ്റവും കൂടുതല്‍ തീവ്രവാദ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്തത് ഐസിന്റേതാണ്. ഈ ഭീകര സംഘടനയുടെ 2,654 ചാനലുകള്‍ വഴി പ്രസിദ്ധീകരിച്ച 41,72,215 തീവ്രവാദ ഉള്ളടക്കം നീക്കി. 703 ചാനലുകളിലൂടെ പ്രസിദ്ധീകരിച്ച തഹ്‌രീര്‍ അല്‍ ഷാമിന്റെ 36,96,483 ഉം 259 ചാനലുകളിലൂടെ പ്രസിദ്ധീകരിച്ച അല്‍ ഖ്വായ്ദയുടെ 6,25,337 തീവ്രവാദ ഉള്ളടക്കങ്ങളും കഴിഞ്ഞവര്‍ഷാവസനം നീക്കിയവയില്‍പെടും. പിഡിഎഫ്, വീഡിയോ ക്ലിപ്പ്, വോയ്‌സ് ക്ലിപ്പ് എന്നിവ വഴി അറബിയിലായിരുന്നു ടെലിഗ്രാം ചാനലുകളില്‍ തീവ്രവാദത്തെയും ഭീകരവാദത്തെയും മഹത്വവല്‍ക്കരിക്കുന്ന ആശയ പ്രചാരണം. 3 ടെലിഗ്രാം വഴിയുള്ള തീവ്രാദ പ്രചാരണം തടയാന്‍ ലക്ഷ്യമിട്ട് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ടെലിഗ്രാമും ഇഅ്തിദാലും ധാരണയിലായത്. Read on deshabhimani.com

Related News