മഞ്ഞലയിൽ കുളിർന്ന‌് ധനുമാസകേരളം; താപനില 17 ഡിഗ്രി വരെ താഴ്‌ന്നു



കൊച്ചി> ധനുമാസക്കുളിരിൽ തണുത്തുവിറച്ച‌് കേരളം. രണ്ടാഴ‌്ചയോളമായി സംസ്ഥാനത്ത‌് വ്യാപകമായി കടുത്ത തണുപ്പാണ‌് അനുഭവപ്പെടുന്നത‌്. മുൻവർഷങ്ങളേക്കാൾ താപനില വളരെയധികം താഴ‌്ന്നു. പ്രധാന വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറിൽ താപനില പൂജ്യം ഡിഗ്രിക്കുതാഴെയായി. നെടുമ്പാശേരി അന്താരാഷ‌്ട്ര വിമാനത്താവളത്തിൽ വെള്ളിയാഴ‌്ച പുലർച്ചെ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 17 ഡിഗ്രി സെൽഷ്യസ‌ാണ‌്. ഗ്രാമ, നഗര വ്യത്യാസമില്ലാതെ കുറഞ്ഞ താപനില സ്ഥിരമായി 20 ഡിഗ്രി സെൽഷ്യസിനുതാഴെയാണ‌്. രണ്ടാഴ‌്ചയോളം ഇത‌് തുടരുമെന്ന‌് കാലാവസ്ഥാവിദഗ‌്ധർ പറഞ്ഞു. ശൈത്യകാലത്ത‌് യൂറോപ്പിൽനിന്ന‌് മെഡിറ്ററേനിയൻ കടൽ കടന്ന‌് ഇന്ത്യയിലേക്ക‌് വീശുന്ന കാറ്റിന്റെ ഗതി മാറിയതാണ‌് കേരളത്തിൽ ശക്തമായ തണുപ്പ‌് അനുഭവപ്പെടാനുള്ള പ്രധാന കാരണമെന്ന‌് കൊച്ചി ശാസ‌്ത്ര സാങ്കേതിക സർവകലാശാല റഡാർ ഗവേഷണകേന്ദ്രം ശാസ‌്ത്രജ്ഞൻ ഡോ. എം ജി മനോജ‌് പറഞ്ഞു.  ‘വെസ‌്റ്റേൺ ഡിസ‌്റ്റർബൻസ‌്’ എന്നറിയപ്പെടുന്ന ഈ പ്രതിഭാസമാണ‌് കശ‌്മീരിലും ഉത്തരേന്ത്യയിലും കടുത്ത ശൈത്യത്തിന‌് ഇടയാക്കുന്നത‌്. ഇത്തവണ ഇത‌് ശക്തിപ്രാപിച്ചതിനൊപ്പം കുറച്ച‌് ഗതിമാറി ദക്ഷിണേന്ത്യയിലേക്കും എത്തി. ഇതാണ‌് തണുപ്പേറാൻ കാരണം. ഇതിനൊപ്പം  ഭൂമിയിൽനിന്നുള്ള രണ്ടാമത്തെ അന്തരീക്ഷപാളിയായ സ‌്ട്രാറ്റോസ‌്ഫിയറിൽ വികിരണങ്ങളുടെ ഭാഗമായി ഉണ്ടായ പ്രതിഭാസവും തണുപ്പ‌് വർധിക്കാൻ ഇടയാക്കി. ഇതുമൂലം ധ്രുവപ്രദേശങ്ങളിൽ ചൂട‌് വർധിക്കുകയും ഉഷ‌്ണമേഖലകളിൽ ശൈത്യമേറുകയും ചെയ‌്തു. ഇന്തോനേഷ്യയിൽ അടുത്തിടെയുണ്ടായ അഗ്നിപർവത സ‌്ഫോടനവും അതിശൈത്യത്തിന‌് കാരണമാകാം. അഗ്നിപർവത സ‌്ഫോടനത്തെതുടർന്ന‌് അന്തരീക്ഷത്തിൽ എത്തുന്ന ധൂളികൾ ഭൂമിയിലേക്ക‌് വരുന്ന സൂര്യപ്രകാശത്തിന്റെ അളവ‌് കുറയ‌്ക്കുന്നതാണ‌് കാരണം. ഇതേപ്പറ്റി കൂടുതൽ പഠനം വേണമെന്ന‌് ഡോ. എം ജി മനോജ‌് പറഞ്ഞു. രാത്രിയിൽ തണുപ്പേറുന്നതിനൊപ്പം പകൽ ശക്തമായ ചൂടും അനുഭവപ്പെടുന്നുണ്ട‌്. പകൽ താപനില 33 ഡിഗ്രി സെൽഷ്യസ‌് വരെയെത്തുന്നു. കൂടിയ താപനിലയും കുറഞ്ഞ താപനിലയും തമ്മിൽ വളരെയധികം അന്തരമുണ്ട‌്. ഇത‌് ആരോഗ്യനിലയെ ബാധിക്കാനും സാധ്യതയുണ്ട‌്. Read on deshabhimani.com

Related News