നഗരങ്ങളിൽ ജോലിചെയ്യുന്ന സ‌്ത്രീകൾക്ക‌് സ്റ്റുഡിയോ അപ്പാർട്ട‌്മെന്റ‌് ഈവർഷം: സ്ഥലം വാങ്ങാൻ അനുമതി



തിരുവനന്തപുരം>വിദൂര നഗരങ്ങളിൽ ജോലിനോക്കുന്ന സ‌്ത്രീകൾക്ക‌് ഇനി കുടുംബത്തെയും കുഞ്ഞുങ്ങളെയും വിട്ടുപിരിയണമെന്ന സങ്കടം വേണ്ട. ജോലിക്കാരായ സ‌്ത്രീകൾക്ക‌് സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച സ്റ്റുഡിയോ അപ്പാർട്ട‌്മെന്റുകൾ ഈ വർഷംതന്നെ പൂർത്തിയാകും. തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ ആദ്യസംരംഭങ്ങൾക്ക‌് സ്ഥലം വാങ്ങാൻ ഭരണാനുമതിയായി. എന്നും ജോലിക്കാരായ വനിതകളുടെ മുഖ്യപ്രശ‌്നങ്ങളിൽ ഒന്നാണ‌് സുരക്ഷിതമായി കഴിയാനൊരിടം. ഹോസ‌്റ്റലുകളിലും നഗരങ്ങളിൽ പേയിങ‌് ഗസ‌്റ്റ‌ായും താമസിക്കുന്നവർക്ക‌് കുടുംബത്തെ കൂടെ കൂട്ടാനാകാത്ത വിഷമം വേറെയും. ഇത്തരം പ്രശ‌്നങ്ങളാൽ ലഭിക്കുന്ന മെച്ചപ്പെട്ട ജോലി ഉപേക്ഷിക്കേണ്ട അവസ്ഥവരെയും ഉണ്ടാകാറുണ്ട‌്. ഈ അവസ്ഥയ‌്ക്ക‌് പരിഹാരം കാണാനാണ‌് സംസ്ഥാന സർക്കാർ ബജറ്റിൽ സ‌്റ്റുഡിയോ അപ്പാർട്ട‌്മെന്റ‌് എന്ന ആശയം മുന്നോട്ടുവച്ചത‌്. അവിവാഹിതരായ സ‌്ത്രീകൾക്കും കുടുംബമായി താമസിക്കുന്നവർക്കും കുട്ടികളെ പരാശ്രയമില്ലാതെ വളർത്തുന്ന  അമ്മമാർക്കും (സിങ്കിൾ മദേഴ‌്സ‌്) ഒരുപോലെ പ്രയോജനപ്പെടുന്നതാണ‌് സ്റ്റുഡിയോ അപ്പാർട്ട‌്മെന്റുകൾ. ആദ്യഘട്ടമായി തിരുവനന്തപുരം മേനംകുളത്തും കണ്ണൂർ നാടുകാണിയിലും കിൻഫ്ര അപ്പാരൽ പാർക്കിന‌് സമീപവുമാണ‌് അപ്പാർ ട്ട‌്മെന്റുകൾ നിർമിക്കുന്നത‌്. മേനംകുളത്ത‌് 66 സെന്റും നാടുകാണിയിൽ രണ്ടേക്കർ സ്ഥലവും വാങ്ങാനാണ‌് സർക്കാർ രണ്ടുകോടി രൂപ അനുവദിച്ചത‌്. ചുരുങ്ങിയ ചെലവിൽ അപ്പാർട്ട‌്മെന്റുകൾ നിർമിക്കാനുള്ള ചുമതല തൊഴിൽ വകുപ്പിന‌് കീഴിലുള്ള ഭവനം ഫൗണ്ടേഷനാണ‌്. കോംപാക്ട‌് മോഡലിൽ ആധുനിക ഡിസൈനിലുള്ള വീടുകളാണ‌് നിർമിക്കുന്നത‌്. ഒരു ബെഡ‌്റൂം, ബാത‌്റൂം, ചെറിയ അടുക്കള, സ്വീകരണമുറി എന്നിവയടങ്ങിയ അപ്പാർട്ട‌്മെന്റുകളിൽ വസിക്കുന്നവർക്ക‌് കിടപ്പറയോട‌് ചേർന്ന‌് ഒഴിവുസമയം ചെലവഴിക്കാൻ ബാൽക്കണിയും ഉണ്ടാകും. അപ്പാർട്ട‌്മെന്റ‌് പരിസരത്ത‌് കുട്ടികൾക്ക‌് കളിക്കാനുള്ള പ്ലേ ഏരിയയും കുട്ടികളെ നോക്കാനുള്ള ഡേ കെയർ സംവിധാനവും ഒരുക്കും. ചെറിയ വാടക ഈടാക്കി തികച്ചും സുരക്ഷിതമായി ഒരുക്കുന്ന അപ്പാർട്ട‌്മെന്റിൽ   24 മണിക്കൂർ സെക്യൂരിറ്റിയും മറ്റ‌് അവശ്യസേവനങ്ങളും ഒരുക്കും. അപ്പാർട്ട‌്മെന്റുകളുടെ നിർമാണവും പരിപാലനവും തീർത്തും പരിസ്ഥിതി സൗഹാർദപരമാകും. അപ്പാർട്ട‌്മെന്റുകളുടെയും പരിസരത്തിന്റെയും പരിപാലനത്തിന‌് നിയോഗിക്കുന്ന മാനേജർ മാസാമാസം വാടക ശേഖരിക്കുന്ന തരത്തിലാകും സംവിധാനം. പരിമിതമായ സ്ഥലത്ത‌് പരമാവധി സൗകര്യം ലഭ്യമാക്കുന്ന തരത്തിലുള്ള ഡിസൈനുകളാണ‌് പരിഗണിക്കുന്നത‌്. രണ്ടുമാസത്തിനകം ഡിപിആർ തയ്യാറാക്കി പ്രവർത്തനം ആരംഭിക്കും. വർഷാവസാനത്തോടെ ഇരു പദ്ധതിയുടെയും നിർമാണം പൂർത്തിയാക്കാനാണ‌് പദ്ധതിയിടുന്നത‌്. അടുത്തവർഷം കൊച്ചി, കോഴിക്കോട‌് നഗരങ്ങളിലേക്ക‌് പദ്ധതി വ്യാപിപ്പിക്കും. Read on deshabhimani.com

Related News