കാലവർഷം അടുത്ത 36 മണിക്കൂറിനുള്ളിൽ ; കനത്തമഴയ്‌ക്ക്‌ സാധ്യത



തിരുവനന്തപുരം>  സംസ്ഥാനത്ത് കാലവര്‍ഷം അടുത്ത 36  മണിക്കൂറിനുള്ളില്‍ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അറബിക്കടലിൽ‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം ഞായറാഴ്ചയോടെ ശക്തി പ്രാപിക്കുമെന്നും ഇത് കേരള കര്‍ണ്ണാടക തീരത്ത് വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ നീങ്ങുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കുപടിഞ്ഞാറൻ കാലവർഷക്കാറ്റ്‌ അറബിക്കടലിലെത്തിയതോടെ ഏതു നിമിഷവും ഇടവപ്പാതി കേരള തീരംതൊടാം. ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയുണ്ട്. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഈ രണ്ട് ദിവസവും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ ജൂൺ 9 ന് ഓറഞ്ച് അലര്‍ട്ടായിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.വെള്ളിയാഴ്‌ച തെക്കൻജില്ലകളിൽ വ്യാപകമായി മഴ ലഭിക്കും.രണ്ടു ദിവസമായി സംസ്‌ഥാനത്ത്‌ പരക്കെ മഴ പെയ്യുന്നുണ്ട്‌.  ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ , അതിശക്തമായതോ ആയ മഴയ്‌ക്കും കാറ്റിനും സാധ്യതയുണ്ട്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ആവശ്യപ്പെട്ടു. കടലിലെ ന്യൂനമർദ്ദം കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന ജാ​ഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. കേരള കർണാടക തീരങ്ങളിൽ കാറ്റിന്റെ  വേഗം മണിക്കൂറിൽ 36 മുതൽ 45 വരെയായിരിക്കും. Read on deshabhimani.com

Related News