കാലവർഷത്തിന്റെ വഴിമുടക്കിയത‌് ന്യൂനമർദം



തിരുവനന്തപുരം> തെക്ക‌് പടിഞ്ഞാറൻ കാലവർഷത്തിന്റെ ‘സുഗമ’മായ വരവ‌് തടഞ്ഞത‌് അറബിക്കടലിലെ ന്യൂനമർദം. പടിഞ്ഞാറൻ അറബിക്കടലിൽ ദിവസങ്ങൾക്കുമുമ്പ‌് രൂപപ്പെട്ട ന്യൂനമർദമാണ‌്  ഇടവപ്പാതിയുടെ വരവിനെ അൽപ്പം തളർത്തിയത‌്. വടക്ക‌് പടിഞ്ഞാറ‌് ദിശയിൽനിന്നുള്ള ഉഷ‌്ണക്കാറ്റും സ്വാധീനിച്ചു. കഴിഞ്ഞ ബുധനാഴ‌്ചയോടെ കാലവർഷം കേരളത്തിലെത്തുമെന്നായിരുന്നു നിഗമനം. ദിവസങ്ങൾക്ക‌ുമുമ്പ‌് ശ്രീലങ്കയുടെ തെക്കൻഭാഗത്ത‌് കാലവർഷം എത്തിയിരുന്നു. എന്നാൽ, മുന്നേറിയില്ല. അതിനിടെ,  ലക്ഷദ്വീപിന‌ു സമീപത്ത‌് മറ്റൊരു അന്തരീക്ഷച്ചുഴികൂടി രൂപപ്പെടുന്നത‌് കാലവർഷത്തെ എങ്ങനെ ബാധിക്കുമെന്ന‌് നിരീക്ഷിക്കുകയാണ‌് കാലാവസ്ഥാ വിദഗ‌്ധർ . ഇത‌് ശക്തിപ്രാപിച്ച‌് വടക്ക‌് പടിഞ്ഞാറ‌് ദിശയിൽ സഞ്ചരിച്ചാൽ കാലവർഷം ദുർബലമാകും. ശനിയാഴ‌്ചയോടെ കാലവർഷം കൂടുതൽ ശക്തിപ്പെടുമെന്നുതന്നെയാണ‌് കാലാവസ്ഥാ വിദഗ‌്ധരുടെ വിലയിരുത്തൽ. കാറ്റിന്റെ സ്ഥിരത, 14 കേന്ദ്രത്തിലെ മഴയുടെ അളവ‌് തുടങ്ങിയവയടക്കം നിരവധി ഘടകങ്ങൾ പരിശോധിച്ചശേഷമാണ‌് കേന്ദ്ര കാലാവസ്ഥാവകുപ്പ‌് കാലവർഷം എത്തിയതായുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തുക.  കഴിഞ്ഞ രണ്ടു ദിവസമായി സംസ്ഥാനത്ത‌് പരക്കെ മഴ ലഭിക്കുന്നുണ്ട‌്. കാലവർഷത്തിന്റെ പ്രതീതിയിലാണ‌് മഴ. പത്ത‌് സെന്റീമീറ്റർവരെ മഴ ലഭിച്ച  പ്രദേശങ്ങളുണ്ട‌്. Read on deshabhimani.com

Related News