സംസ്‌ഥാനത്ത്‌ നവംബറിലും മഴ സർവകാലറെക്കോർഡ് മറികടന്നു



കൊച്ചി>  ഈ വർഷം  ഒക്ടോബറിനു പുറമെ നവംബർ മാസവും മഴ  സർവകാലറെക്കോർഡ് മറികടന്നുവെന്ന്‌ കാലാവസ്‌ഥ നിരീക്ഷകൻ രാജീവൻ എരിക്കുളം. നവംബർ 1 മുതൽ  26വരെ  കേരളത്തിൽ ഇതുവരെ ലഭിച്ചത്  366.8mm മഴ. നവംബർ മാസത്തിന്റെ ചരിത്രത്തിൽ ലഭിക്കുന്ന ഏറ്റവും കൂടുതൽ മഴയാണ് ഇത്തവണത്തേത്. 1978 ലെ നവംബർ മാസത്തിൽ രേഖപെടുത്തിയ  365.6 mm മഴയെയാണ് 2021 നവംബർ മറികടന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ 121 വർഷത്തെ റെക്കോർഡ് പ്രകാരം  5 തവണ മാത്രമാണ്  നവംബർ മാസത്തിൽ 350 mm മുകളിൽ മഴ ലഭിച്ചത്  ( 2021,1978,1977,1960,1901വർഷങ്ങളിൽ ) ഇത്തവണ തുലാവർഷ സീസൺ മഴ  നേരത്തെ തന്നെ മുൻ വർഷങ്ങളിൽ രേഖപെടുത്തിയ റെക്കോർഡ് മറികടന്നിരുന്നു . തുലാവർഷ സീസണിൽ ഒക്ടോബർ മാസത്തിലെ മഴയും സർവകാല റെക്കോർഡ് തിരുത്തിയിരുന്നു . 589.9 mm മഴയായിരുന്നു ഒക്ടോബർ മാസത്തിൽ ലഭിച്ചത്. നേരത്തെ 2021 ജനുവരിയും ചരിത്രത്തിലെ ഏറ്റവും കൂടുതൽ മഴ ലഭിച്ച ജനുവരി എന്ന റെക്കോർഡ് തിരുത്തി . ഈ വർഷം മെയ്‌ മാസത്തിൽ രേഖപെടുത്തിയ 570.7 mm മഴ  ഏറ്റവും മികച്ച അഞ്ചാമത്തെ മഴയായിരുന്നു. 2020 ൽ സെപ്റ്റംബർ മാസത്തിൽ ലഭിച്ച മഴയും  സർവകാല റെക്കോർഡ് ആയിരുന്നു. ( 602.1 mm) ചരിത്രത്തിലെ ഏറ്റവും കൂടുതൽ മഴ ലഭിച്ച മൂന്നാമത്തെ ആഗസ്റ്റ് എന്ന റെക്കോർഡ് 2019 സ്വന്തമാക്കിയപ്പോൾ 2018 ലെ ആഗസ്റ്റ് മാസം ഏറ്റവും കൂടുതൽ മഴ ലഭിച്ച അഞ്ചാമത്തെ ആഗസ്റ്റ് എന്ന റെക്കോർഡ് സ്വന്തമാക്കിയെന്നും രാജീവൻ എരിക്കുളം പറഞ്ഞു. Read on deshabhimani.com

Related News