കാലാവസ്ഥാ വ്യദതിയാനവും മഴവില്ല് രൂപീകരണവും



കാലാവസ്ഥാ വ്യതിയാന പശ്ചാത്തലത്തിൽ, അന്തരീക്ഷതാപനം ഏറിയതോടെ മഴവില്ലുകൾ  പ്രത്യക്ഷപ്പെടുന്ന  സന്ദർഭങ്ങൾ വർധിച്ചുവരികയാണോ? ഈ രംഗത്തെ പഠനങ്ങൾ നൽകുന്ന സൂചന ആ വഴിക്കാണ്‌.  കാലാവസ്ഥാ വ്യതിയാനം ജനങ്ങളുടെ ദൈനംദിന ജീവിതത്തെയും  ആരോഗ്യത്തെയും ബാധിക്കുന്നുവെന്ന  വസ്തുതകളിൽ മാത്രമാണ് ഏറെ പഠനങ്ങളും  ഇതുവരെയും ശ്രദ്ധ പതിപ്പിച്ചത്‌. എന്നാൽ, ചില ഗവേഷണങ്ങളാകട്ടെ നാം ജീവിക്കുന്ന പരിസ്ഥിതിയുടെ സൗന്ദര്യാത്മക ഗുണങ്ങളിൽ കാലാവസ്ഥാ വ്യതിയാനം എപ്രകാരമുള്ള ഇടപെടലുകൾ  നടത്തുന്നതെന്ന്‌ പരിശോധിച്ചു.  യുഎസിലെ മനോവ സ്കൂൾ ഓഫ്  ഓഷ്യൻ ആൻഡ് എർത്ത്  സയൻസ് ആൻഡ് ടെക്നോളജിയിലെ ഒരുകൂട്ടം ഗവേഷകരാണ്‌ ഈ ദിശയിൽ  അന്വേഷണത്തിന്‌ തുടക്കം കുറിച്ചത്.  ഇതിന്റെ ഭാഗമായി അവർ  മഴ, മേഘ സാന്നിധ്യം, സൂര്യന്റെ സാന്നിധ്യവും പ്രകാശതീവ്രതയും എന്നിവയോടൊപ്പം  മഴവില്ലുകൾ പ്രത്യക്ഷമായ ഇടങ്ങളുടെ വിശദാംശങ്ങളും ക്രോഡീകരിച്ച്  ഒരു മഴവിൽ പ്രവചന മോഡൽ തയ്യാറാക്കി.  ഇവ ഉപയോഗിച്ച്‌ ഇപ്പോഴുണ്ടാകുന്നതും ഭാവിയിൽ ഉണ്ടാകാനിടയുള്ളതുമായ മഴവിൽ രൂപീകരണ സാഹചര്യങ്ങൾ പരിശോധിച്ചു.  ഈ മോഡലുകൾ പ്രകാരം ദ്വീപുകളാണ്‌  ഏറ്റവും കൂടുതൽ മഴവിൽ രൂപീകരണ സാധ്യതയുള്ള ഇടങ്ങളെന്ന്‌ കണ്ടെത്തിയത്‌.   മഴവില്ലുകളുടെ ദൃശ്യവിസ്മയം ആസ്വദിക്കാൻ  ഏറ്റവും മികച്ച ഇടങ്ങളാണ്  ദ്വീപുകൾ.  ദ്വീപുകൾക്ക് ചുറ്റും സാധാരണഗതിയിൽ തെളിഞ്ഞ ആകാശമായിരിക്കും എന്നതാണ്‌ കാരണം.  ജലകണങ്ങളുടെ സാന്നിധ്യം, സൂര്യപ്രകാശത്തിന്റെ സുഗമമായ പ്രകീർണനം അനുവദിക്കുന്ന തെളിഞ്ഞ ആകാശം തുടങ്ങിയവയാണ്‌ മഴവിൽ രൂപീകരണത്തിന്‌ ദ്വീപുകളിലെ അനുകൂല സാഹചര്യങ്ങൾ.   ഹരിതഗൃഹ വാതകങ്ങൾ  ഹരിതഗൃഹവാതക പുറന്തള്ളൽ ഏറിവരുന്ന പശ്ചാത്തലത്തിൽ സ്വാഭാവികമായും താപനസാധ്യതയും ഏറും. താപനം വർധിക്കുമ്പോൾ ബാഷ്പീകരണം, സംവഹനം, മേഘരൂപീകരണം, മഴ എന്നിവയും അധികരിക്കാനാണ് സാധ്യത. മഴ ഏറുന്ന പശ്ചാത്തലത്തിൽ മഴവില്ലുകൾ കാണപ്പെടുന്നതും വർധിക്കുന്നു. 2100–-ാം ആണ്ടോടെ മഴവില്ലുകൾ പ്രത്യക്ഷപ്പെടുന്ന സന്ദർഭങ്ങളിൽ അഞ്ച്‌ ശതമാനംവരെ വർധനയുണ്ടാകുമെന്നാണ്‌ പഠനങ്ങൾ സൂചിപ്പിക്കുന്നത്‌. കാലാവസ്ഥാ വ്യതിയാന പശ്ചാത്തലം എപ്രകാരമാണ്‌ മഴവില്ലുകൾ രൂപപ്പെടുന്ന പ്രക്രിയയിൽ അനുകൂലപ്രഭാവം ഉളവാക്കുന്നതെന്ന്‌ പരിശോധിക്കാം. താപനമാണ്  കാലാവസ്ഥ മാറുന്നതിന്റെ പ്രത്യക്ഷവും പ്രകടവുമായ ലക്ഷണം.  ഹരിതഗൃഹവാതക പുറന്തള്ളൽ പോലെ, മനുഷ്യപ്രേരിത കാരണങ്ങളാൽ അന്തരീക്ഷത്തിൽ താപമാനം കൂടിക്കൊണ്ടിരിക്കുകയാണ്.  ചൂട് ഏറുമ്പോൾ, ജലബാഷ്പങ്ങളെ ഉൾക്കൊള്ളാനുള്ള അന്തരീക്ഷത്തിന്റെ ശേഷി വർധിക്കുന്നു.  ജലബാഷ്പങ്ങളുടെ ഖനീഭവിക്കലിന്‌ സഹായകമായ ഖനീഭവന മർമങ്ങൾ അന്തരീക്ഷത്തിൽ വേണ്ടത്ര ലഭ്യമാണെങ്കിൽ വലിയതോതിൽ മേഘരൂപീകരണം നടക്കുകയും സമൃദ്ധമായ മഴ ലഭിക്കുകയും ചെയ്യുന്നു. അന്തരീക്ഷതാപം ഒരു ഡിഗ്രി വർധിക്കുമ്പോൾ ജലബാഷ്പത്തെ ഉൾക്കൊള്ളാനുള്ള അന്തരീക്ഷ ശേഷി ഏഴ് ശതമാനം വർധിക്കുന്നു. മഴ ലഭ്യതയിലാകട്ടെ  10 ശതമാനത്തോളം വർധനയുണ്ടാകും. അന്തരീക്ഷത്തിൽ അധികരിച്ചതോതിൽ നിക്ഷേപിക്കപ്പെടുന്ന മാലിന്യധൂളികൾ, പൊടിപടലങ്ങൾ എന്നിവയ്ക്ക് മേഘരൂപീകരണത്തിന്  സഹായകമാകുന്ന ഖനീഭവന മർമങ്ങളായി വർത്തിക്കാനാകും.   താപനാധിക്യത്തോടൊപ്പം, മുകളിൽ പറഞ്ഞ സാഹചര്യങ്ങൾ കൂടിയാകുമ്പോൾ കൂടുതൽ മഴ ലഭിക്കുന്നതിനുള്ള സാധ്യതയേറുന്നു. മഴയ്ക്കു ശേഷമോ, ചാറ്റൽമഴയുള്ളപ്പോഴോ അന്തരീക്ഷത്തിൽ നിലനിൽക്കുന്ന ജലകണ സാന്നിധ്യമാണ്‌ മഴവില്ല‌്‌ രൂപീകരണത്തിന് സഹായകമായ ഒരു ഘടകം. മഴവിൽ ദിനങ്ങൾ ഏറുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. Read on deshabhimani.com

Related News