തുലാവർഷം തുടങ്ങി; കാലവർഷം 45 % കൂടുതൽ



 തൃശൂര്‍ > സംസ്ഥാനത്ത് തുലാവർഷം വ്യാപകമായെങ്കിലും ഒൗദ്യോഗിക പ്രഖ്യാപനമായില്ല. ഒക്ടോബർ 12ന് തുലാവർഷം തുടങ്ങുമെന്ന് അറിയിപ്പുണ്ടായെങ്കിലും പിന്നീട് കാലാവസ്ഥാ വകുപ്പ് പിൻവലിച്ചു. കാലവർഷത്തിന്റെ പിന്മാറൽ പൂർണമായിട്ടുണ്ട്. 26ന് ഒൗദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്നാണ് റിപ്പോർട്ട‌്. സെപ്തംബർ 30ന്  കാലവർഷം തീർന്നശേഷം ഇതുവരെ സംസ്ഥാനത്ത് ശരാശരിയേക്കാൾ 45 ശതമാനം കൂടുതൽ മഴ കിട്ടി. ഒക്ടോബർ ഒന്നുമുതൽ ഇതുവരെ 235 മില്ലിമീറ്റർ മഴ ലഭിച്ചു. സെപ്തംബർ 30നുശേഷം കിട്ടുന്ന മഴയെ തുലാവർഷമായാണ് കണക്കാക്കുക. കേരളത്തിൽ ഇതിന്റെ സ്വാധീനം നവംബർ 30 വരെയുണ്ടാകും. മധ്യകേരളത്തിലും തെക്കൻ ജില്ലകളിലുമാണ് തുലാവർഷം ശക്തമാകാറ‌്. എന്നാൽ ഇപ്പോഴുള്ള മഴ എല്ലാ ജില്ലകളിലുമുണ്ട്. തുലാവർഷത്തിന്റെ ആഗമനമറിയിച്ചുള്ള മഴയാണിതെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ അഭിപ്രായം. ഒക്ടോബർ, നവംബർ മാസങ്ങളിൽ ശരാശരി 480 മില്ലീമീറ്റർ മഴയാണ് കിട്ടേണ്ടത്. ഇത്തവണ ശരാശരിയേക്കാൾ മെച്ചപ്പെട്ട മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ‌്. Read on deshabhimani.com

Related News