തുലാവര്‍ഷം അടുത്തയാഴ്ച; കനത്ത മഴ ലഭിക്കുമെന്ന് പ്രതീക്ഷ



തിരുവനന്തപുരം > ഇടയ്ക്കൊന്ന് ഇടഞ്ഞെങ്കിലും കേരളത്തെ നനച്ച് ഇടവപ്പാതി പിന്മാറ്റം. അടുത്തയാഴ്ച മധ്യത്തോടെ എത്തുന്ന തുലാവര്‍ഷവും ചതിക്കില്ലെന്ന പ്രതീക്ഷയിലാണ് സംസ്ഥാനം. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ പിന്മാറ്റ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ചു. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപപ്പെട്ട അന്തരീക്ഷച്ചുഴികളും കാറ്റിന്റെ പാത്തിയുമാണ് മഴ ശക്തിപ്പെടുത്തിയത്. രണ്ടാഴ്ചയായി 161 മില്ലീമീറ്റര്‍ മഴയാണ് പെയ്തത്. കോട്ടയത്താണ് ഏറ്റവും കൂടുതല്‍-222.2 മില്ലീമീറ്റര്‍. തൊട്ടുപിന്നില്‍ 210.4 മില്ലീമീറ്ററുമായി പത്തനംതിട്ടയും. കോഴിക്കോട്ട് 207.2 മില്ലീമീറ്റര്‍ ലഭിച്ചു. ജലസംഭരണികളുടെ ജില്ലയായ ഇടുക്കിയിലും മഴ മോശമായില്ല-193.4 മില്ലീമീറ്റര്‍. മലപ്പുറത്ത് 187.9, എറണാകുളത്ത് 175,ആലപ്പുഴയില്‍ 166.2ഉം കണ്ണൂരില്‍ 164ഉം കൊല്ലത്ത് 162.2ഉം തൃശൂരില്‍ 157.5ഉം തിരുവനന്തപുരത്ത് 146.5ഉം പാലക്കാട്ട് 77.4ഉം വയനാട്ടില്‍ 73ഉം മില്ലീമീറ്റര്‍ മഴ ലഭിച്ചു. ജൂണ്‍ ആദ്യം കാലവര്‍ഷം എത്തിയെങ്കിലും മഴ കുറഞ്ഞു. കഴിഞ്ഞമാസം അവസാനത്തോടെയാണ് ശക്തിപ്പെട്ടത്. ഇടവപ്പാതിയില്‍ സെപ്തംബര്‍ 30 വരെ 1885.9 മില്ലീമീറ്റര്‍ മഴ ലഭിച്ചു. (കഴിഞ്ഞവര്‍ഷം ഇക്കാലയളവില്‍ 32 ശതമാനം മഴകുറഞ്ഞു). കാലവര്‍ഷത്തില്‍ കൂടുതല്‍ മഴ ലഭിച്ചത് കാസര്‍കോട്ടാണ്-2645.6 മില്ലീമീറ്റര്‍. കോഴിക്കോട്ട് 2521.6ഉം കണ്ണൂരില്‍ 2303ഉം ഇടുക്കിയില്‍ 2057.6ഉം മില്ലീമീറ്റര്‍ മഴ കിട്ടി. തിരുവനന്തപുരത്ത് 764 മില്ലീമീറ്ററും. തുലാവര്‍ഷം 25ഓടെ എത്തുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ പ്രവചനം. ഇതിനു മുന്നോടിയായുള്ള മഴയാണ് ഇപ്പോള്‍. വടക്ക് കിഴക്കന്‍ കാറ്റ് വടക്കന്‍ ആന്ധ്രയിലും മറ്റും എത്തി. ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷാ തീരത്ത് അഞ്ചരക്കിലോമീറ്റര്‍ ഉയരത്തില്‍ രൂപപ്പെട്ട അന്തരീക്ഷച്ചുഴി മഴ ശക്തമാക്കും. പടിഞ്ഞാറന്‍ കാറ്റ് പൂര്‍ണമായി പിന്മാറുന്നതോടെ തുലാവര്‍ഷം കേരളത്തിലേക്ക് എത്തും. Read on deshabhimani.com

Related News