കുംഭച്ചൂടില്‍ വെന്തുരുകി കേരളം



തിരുവനന്തപുരം > സംസ്ഥാനം കുംഭച്ചൂടില്‍ വെന്തുരുകുന്നു. പകല്‍ താപനിലയ്ക്കു പുറമെ രാത്രി താപനിലയും ഉയരുകയാണ്. വേനലിന് ഇക്കുറി കാഠിന്യമേറുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ വിലയിരുത്തുന്നു. സൂര്യാഘാത സാധ്യതയുള്ളതിനാല്‍ ജാഗ്രത വേണമെന്ന മുന്നറിയിപ്പുമുണ്ട്. രണ്ടു ദിവസമായി സംസ്ഥാനത്ത് പകല്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസ്വരെ എത്തി. ചില സ്ഥലത്ത് 40 ഡിഗ്രിയും രേഖപ്പെടുത്തി. രാത്രി താപനില 27.5 ഡിഗ്രിയിലെത്തി. പുലര്‍ച്ചെ പോലും ഉഷ്ണിക്കുന്നു. തലസ്ഥാനത്ത് വ്യാഴാഴ്ച രാത്രി താപനില 28.5 ഡിഗ്രിയാണ്. സംസ്ഥാനത്ത് വൈദ്യുതി ഉപയോഗവും വര്‍ധിച്ചു. സംസ്ഥാനത്ത് ഇടവപ്പാതി 26 ശതമാനം കുറഞ്ഞപ്പോള്‍ തുലാവര്‍ഷം അല്‍പ്പം മെച്ചപ്പെട്ടിരുന്നു. വേനല്‍ മഴ ഇക്കുറി കാര്യമായി പ്രതീക്ഷിക്കേണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഒന്നരമാസത്തിനിടെ മഴയില്‍ 24 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ മഴ കാര്യമായി ലഭിച്ചില്ല. പകല്‍ താപനില ഉയരുന്നതിനാല്‍ ജാഗ്രത വേണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പുനല്‍കി. സൂര്യാഘാത സാധ്യതയുള്ളതിനാല്‍ കുട്ടികളടക്കമുള്ളവര്‍ ശ്രദ്ധിക്കണം. Read on deshabhimani.com

Related News