ലാ–നീന വരുന്നു; മഴ വൈകിയാലും അളവ് കുറയില്ല



തൃശൂര്‍ > കാലവര്‍ഷം ഒരാഴ്ച വൈകുമെങ്കിലും ശരാശരിയേക്കാള്‍ കൂടുതല്‍ മഴ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ നിരീക്ഷണം. കാലവര്‍ഷത്തിന്റെ ആദ്യഘട്ടത്തില്‍ പസഫിക് സമുദ്രത്തില്‍ രൂപം കൊള്ളുന്ന ലാ–നീന പ്രതിഭാസവും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപം കൊള്ളുന്ന 'ഡൈപോള്‍' പ്രതിഭാസവുമാണ് മുന്‍ വര്‍ഷത്തേക്കാള്‍ മഴ മെച്ചപ്പെട്ടതാക്കുന്നത്. ഈ വര്‍ഷത്തെ കൊടുംവരള്‍ച്ചയുടെ അനുഭവത്തില്‍ കേരളത്തില്‍ ജലവിനിയോഗവും സംരക്ഷണവും ശാസ്ത്രീയമായി നടപ്പാക്കേണ്ടതുണ്ടെന്നും വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. ജൂണ്‍ ഏഴിന് കാലവര്‍ഷം തുടങ്ങുമെന്നാണ് സൂചന. ഈ വര്‍ഷം ദേശീയ ശരാശരിയേക്കാള്‍ മെച്ചപ്പെട്ട മണ്‍സൂണ്‍ ഉണ്ടാകുമെന്നാണ് ഇന്ത്യന്‍ കാലാവസ്ഥവകുപ്പും അറിയിച്ചിട്ടുള്ളത്. ലാ–നീന അനുഭവപ്പെട്ടിട്ടുള്ള  വര്‍ഷങ്ങളിലും കാലവര്‍ഷം മെച്ചപ്പെട്ടിട്ടുണ്ട്. 2015 ഏപ്രിലില്‍ തുടങ്ങിയ എല്‍–നീനോ പ്രതിഭാസത്തിന്റെ സ്വാധീനം മണ്‍സൂണ്‍ തുടങ്ങുന്നതോടെ പസഫിക് സമുദ്രത്തില്‍ പൂര്‍ണമായും ഇല്ലാതാകും. കഴിഞ്ഞ വര്‍ഷം മഴ കുറയാനും കൊടും വരള്‍ച്ചയ്ക്കും കാരണം എല്‍–നീനോ ആയിരുന്നുവെന്നാണ് വിലയിരുത്തുന്നത്. എന്നാല്‍ ലാ–നീന മഴയും വെള്ളത്തിന്റെ തണുപ്പും വര്‍ധിപ്പിക്കുന്ന പ്രതിഭാസമാണ്. ഇതോടൊപ്പമാണ് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ പടിഞ്ഞാറു ഭാഗം ചൂടുകൂടുകയും കിഴക്കു ഭാഗം തണുപ്പു കൂടുകയും ചെയ്യുന്ന 'ഡൈപോള്‍' പ്രതിഭാസവും രൂപം കൊള്ളുന്നത്. ഇതിനിടെ വേനല്‍മഴ ശക്തിപ്പെടുത്താന്‍ സഹായകമായി ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ചിട്ടുണ്ട്. ഇത് ചുഴലിയായി രൂപാന്തരപ്പെട്ട് വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്കുള്ള സാധ്യത ഏറിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണ്‍ അഞ്ചിനാണ് കാലവര്‍ഷം തുടങ്ങിയത്. ഈ വര്‍ഷം മഴ ശരാശരിയേക്കാള്‍ കൂടുമെന്നതിനാല്‍  ജലസംരക്ഷണത്തില്‍ സര്‍ക്കാരും തദ്ദേശസ്ഥാപനങ്ങളും സംഘടനകളും വ്യക്തികളും കാര്യമായ ശ്രദ്ധ നല്‍കണമെന്ന് കേരള കാര്‍ഷിക സര്‍വകലാശാലയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ ഡോ. സി എസ് ഗോപകുമാര്‍ പറഞ്ഞു.കേരളത്തില്‍  കൊടുംവരള്‍ച്ചയുണ്ടായാല്‍ അതിനെ അതിജീവിക്കാന്‍ ഇനിയുള്ള കാലം ഇത്തരത്തിലുള്ള ആസൂത്രിത നടപടികള്‍ ഉണ്ടാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. Read on deshabhimani.com

Related News