കാലവര്‍ഷം ഒരാഴ്ച പിന്നിട്ടപ്പോള്‍ 6 ജില്ലയില്‍ മഴക്കമ്മി



തൃശൂര്‍ > കാലവര്‍ഷം ഒരാഴ്ച പിന്നിട്ടപ്പോള്‍ ഇടുക്കി ഒഴികെ തെക്കന്‍ ജില്ലകളില്‍ തകര്‍പ്പന്‍ മഴ ലഭിച്ചപ്പോള്‍ മലബാര്‍ മേഘലയില്‍ മഴക്കമ്മി. തൃശൂര്‍ ജില്ലയില്‍ ശരാശരി മഴ ലഭിച്ചപ്പോള്‍  കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, പാലക്കാട്, വയനാട്, ഇടുക്കി ജില്ലകളിലാണ് ശരാശരിയേക്കാള്‍ ഏറെ കുറവ് രേഖപ്പെടുത്തിയത്. കാലവര്‍ഷക്കാറ്റിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ശക്തികുറഞ്ഞതിനാലാണ് വടക്കന്‍ കേരളത്തില്‍ മഴ കുറയുന്നതെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. എന്നാല്‍ കാലവര്‍ഷം മെച്ചപ്പെടുന്ന അന്തരീക്ഷ ഘടകങ്ങള്‍ നിലവിലുണ്ടെന്നും അവര്‍ സൂചിപ്പിച്ചു. സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ ജൂണ്‍ ഏഴു വരെയുള്ള ആദ്യവാരം ലഭിക്കേണ്ട ശരാശരി മഴ 127.3 മില്ലീമീറ്ററാണ്. എന്നാല്‍ 14 ജില്ലയിലുമായി ഇതിനകം 137 മില്ലീമീറ്റര്‍ മഴ കിട്ടി. എന്നിട്ടും ആറു ജില്ലകളില്‍ മഴക്കമ്മിയാണ്. ഏറ്റവും മഴ കുറവ് വയനാട് ജില്ലയിലാണ്. ജില്ലകളില്‍ ലഭിച്ച ശരാശരി മഴയുടെ കണക്ക് ഇപ്രകാരം: തൃശൂര്‍- ആറ് ശതമാനം കൂടുതല്‍, കോഴിക്കോട്- അഞ്ച് ശതമാനം കൂടുതല്‍, തിരുവനന്തപുരം-50 ശതമാനം കൂടുതല്‍, പത്തനംതിട്ട- 43 ശതമാനം കൂടുതല്‍, കോട്ടയം- 54 ശതമാനം കൂടുതല്‍, കൊല്ലം- 70 ശതമാനം കൂടുതല്‍, എറണാകുളം- 64 ശതമാനം കൂടുതല്‍, ആലപ്പുഴ- 57 ശതമാനം കൂടുതല്‍, ഇടുക്കി- 29 ശതമാനം കുറവ്, കാസര്‍കോട്- 33 ശതമാനം കുറവ്, കണ്ണൂര്‍- 26 ശതമാനം കുറവ്, വയനാട്- 66 ശതമാനം കുറവ്, മലപ്പുറം- 26 ശതമാനം കുറവ്, പാലക്കാട്- 26 ശതമാനം കുറവ്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ ശരാശരി 1928 മില്ലീമീറ്റര്‍ മഴ കിട്ടണം. ആദ്യമാസമായ ജൂണില്‍ ശരാശരി 680 മില്ലീമീറ്ററും ജൂലൈയില്‍ 636 മില്ലീമീറ്ററും. ആഗസ്ത്, സെപ്തംബര്‍ മാസങ്ങളിലായി 612 മില്ലീമീറ്റര്‍ മഴയാണ് കിട്ടേണ്ടത്. കാലവര്‍ഷ മഴ 3000 മില്ലീമീറ്റര്‍ വരെ ഉയര്‍ന്ന കാലമുണ്ടായിരുന്നു. കേരളത്തില്‍ ശരാശരിയേക്കാള്‍ കൂടുതല്‍ മഴ കിട്ടുമെന്നാണ് സംസ്ഥാന കാലാവസ്ഥാ വകുപ്പും വിവിധ സര്‍ക്കാര്‍ ഏജന്‍സികളും പ്രവചിച്ചിരിക്കുന്നത്. തുടക്കത്തിലുള്ള മാന്ദ്യം മറികടന്ന് കാലവര്‍ഷം ശക്തിപ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥാ ഗവേഷകന്‍ ഡോ. സി എസ് ഗോപകുമാര്‍ പറഞ്ഞു. ബംഗാള്‍ ഉള്‍ക്കടലില്‍ രണ്ടോ മൂന്നോ ദിവസത്തിനകം രൂപപ്പെടാന്‍ സാധ്യതയുള്ള ന്യൂനമര്‍ദം മഴയ്ക്ക് അനുകൂല ഘടകമാണ്. മുന്‍ വര്‍ഷത്തിലെപ്പോലെ മഴയെ പാടേ ദുര്‍ബലമാക്കുന്ന എല്‍നിനോ പ്രതിഭാസം ഇക്കുറി ഇല്ലെന്നതും തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന് അനുകൂലമാണ്. Read on deshabhimani.com

Related News