വരുന്നു, കൊടുംചൂടിന്റെ രാപ്പകലുകള്‍



ന്യൂഡല്‍ഹി > ജൂണ്‍വരെ രാജ്യത്ത് അത്യുഷ്ണം അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ത്യയുടെ വടക്ക്, പടിഞ്ഞാറ് ഭാഗങ്ങളില്‍ താപനില ശരാശരിയെക്കാള്‍ ഒരു ഡിഗ്രി സെല്‍ഷ്യസ് ഉയരും. ഏപ്രില്‍, മെയ് മാസങ്ങളില്‍ കേരളത്തിലും ചൂട് തീവ്രമാകും. 1901നുശേഷമുള്ള മൂന്നാമത്തെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയ വര്‍ഷമായിരുന്നു 2015. രാജ്യത്ത് രണ്ടായിരത്തഞ്ഞൂറോളം പേരാണ് കഴിഞ്ഞവര്‍ഷം ചൂടില്‍ മരിച്ചത്. താപനില ഉയരുന്നതോടെ ജനജീവിതം വറുതിയിലാകും. കാര്‍ഷികരംഗത്ത് സ്ഥിതി കൂടുതല്‍ വഷളാകും. വരുംമാസങ്ങളില്‍ ഉഷ്ണതരംഗം ശരാശരിയെ അപേക്ഷിച്ച് ഉയര്‍ന്ന തോതിലാകാന്‍ 76 ശതമാനം സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു. രാജ്യത്തിന്റെ വടക്കും പടിഞ്ഞാറും ഭാഗങ്ങളില്‍ ഉഷ്ണക്കാറ്റുകള്‍ അടിക്കടി ഉണ്ടാകാന്‍ സാധ്യത ഏറെ. ഉയര്‍ന്ന താപനിലയും കുറഞ്ഞ താപനിലയും ശരാശരിയെ അപേക്ഷിച്ച് കൂടുതലാകും. ശരാശരി താപനിലയില്‍ ഉണ്ടാകുന്ന ഒരു ഡിഗ്രി സെല്‍ഷ്യസിന്റെ വര്‍ധന സൃഷ്ടിക്കുന്ന പ്രത്യാഘാതം അളവറ്റതാകും. ഇതു നേരിടാന്‍ സര്‍ക്കാരും നയവിദഗ്ധരും ജനങ്ങളും തയ്യാറെടുക്കണമെന്ന് കാലാവസ്ഥാ വകുപ്പിന്റെ ദീര്‍ഘകാല പ്രവചന വിഭാഗം തലവന്‍ ഡോ. ഡി എസ് പൈ പറഞ്ഞു. ഡല്‍ഹി, പഞ്ചാബ്, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ബിഹാര്‍, പശ്ചിമബംഗാള്‍, ഒഡിഷ, തെലങ്കാന, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നിങ്ങനെ 17 സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗം അനുഭവപ്പെടും. ഇവയില്‍ പല സംസ്ഥാനങ്ങളും തുടര്‍ച്ചയായി വരള്‍ച്ചയുടെ വറുതിയിലാണ്. പ്രമുഖ ജലസംഭരണികള്‍ 25 ശതമാനം മാത്രമാണ് നിറഞ്ഞത്. മഹാരാഷ്ട്രയിലെ മറാത്ത്വാഡ മേഖലയിലാകട്ടെ സംഭരണികളിലെ ജലനിരപ്പ് മൊത്തം ശേഷിയുടെ അഞ്ചുശതമാനത്തില്‍ താഴെ. മണ്‍സൂണ്‍ തുടങ്ങാന്‍ പല സംസ്ഥാനങ്ങളിലും രണ്ടരമാസം കഴിയണം. ഇതിനിടെ, ആഗോളതലത്തില്‍ 'എല്‍നിനോ' പ്രതിഭാസം ദുര്‍ബലമാകുകയാണെന്ന സൂചനകള്‍ ആശ്വാസമേകുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ വരള്‍ച്ചയുടെ പ്രധാന കാരണം 'എല്‍നിനോ' ആയിരുന്നു. 2015 ഫെബ്രുവരിയില്‍ ആരംഭിച്ച 'എല്‍നിനോ' ഇപ്പോള്‍ ഏറ്റവും തീവ്രമായ അവസ്ഥയില്‍ എത്തിയിരിക്കയാണെങ്കിലും മേയ് മാസത്തോടെ ഇത് ക്ഷയിക്കാന്‍ തുടങ്ങുമെന്ന് അമേരിക്കയുടെ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സി വിലയിരുത്തുന്നു. 'എല്‍നിനോ'യുടെ വിപരീത പ്രതിഭാസമായ 'ലാ നീന'  ആഗസ്തോടെ രൂപംകൊള്ളുമെന്നാണ് പ്രതീക്ഷ. ഇന്ത്യയില്‍ മികച്ച മണ്‍സൂണിന് ഗുണകരമാണ് ഈ പ്രതിഭാസം. കേരളത്തില്‍ മാര്‍ച്ചില്‍ 22 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്. Read on deshabhimani.com

Related News