സാഗറിന‌് പിന്നാലെ ‘മേഘുന’ ?



തിരുവനന്തപുരം > സാഗറിന‌് തൊട്ടുപിന്നാലെ അറബിക്കടലിൽ മറ്റൊരു ചുഴലിക്കൊടുങ്കാറ്റ‌് കൂടി  രൂപപ്പെടുന്നതായി സൂചന. തെക്ക‌് പടിഞ്ഞാറൻ അറബിക്കടലിൽ മധ്യഭാഗത്തായി 3.5 കിലോമീറ്ററിന‌് മുകളിലുള്ള ന്യൂനമർദമേഖല അതിന്യൂനമർദമായി മാറിയിരിക്കുകയാണ‌്. അടുത്ത 48 മണിക്കൂറിനുള്ളിൽ  ഇത‌് ചുഴലിക്കൊടുങ്കാറ്റായി മാറുമെന്നാണ‌് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. തുടർന്ന‌് വടക്ക‌് ‐ പടിഞ്ഞാറ‌് ദിശയിൽ നീങ്ങുന്ന ചുഴലിക്കാറ്റ‌് ഒമാൻ ‐ യമൻ തീരത്തേക്ക‌് നീങ്ങും. ചുഴലിക്കാറ്റ‌് ഇന്ത്യൻതീരത്തെ ബാധിക്കില്ല. സാഗറിന‌് പിന്നാലെ എ‌ത്തുന്ന ചുഴലിക്കാറ്റിന‌് മേഘുന എന്നാണ‌് പേരിട്ടിരിക്കുന്നത‌്. മാലിദ്വീപാണ‌് പേര‌് നിർദേശിച്ചത‌്. തുടർച്ചയായി ഉണ്ടാകുന്ന ചുഴലിക്കാറ്റ‌് തെക്ക‌് ‐ പടിഞ്ഞാറൻ കാലവർഷത്തിന്റെ വരവിനെ ബാധിക്കുമോയെന്ന‌് ആശങ്കയുണ്ട‌്. സാഗറിന‌് പിന്നാലെ സുമാട്ര, തെക്കൻ ഇന്ത്യൻ മഹാസമുദ്രം, ഇപ്പോൾ മധ്യ അറബിക്കടൽ എന്നിങ്ങനെ   അതിന്യൂനമർദ മേഖലകൾ നിലനിൽക്കുകയാണ‌്. ദക്ഷിണാർഥഗോളത്തിൽനിന്ന‌് മുന്നേറിയെത്തുന്ന കാലവർഷക്കാറ്റിനെ ഈ ന്യൂനമർദമേഖലകൾ ‘വിഴുങ്ങി’യാൽ  ഇടവപ്പാതിയുടെ വരവിനെ ബാധിക്കും.  കാലവർഷക്കാറ്റിന്റെ അറബിക്കടൽ ധാരയ‌്ക്ക‌് തടസ്സം ഉണ്ടാകുന്നത‌്  പ്രതിസന്ധിയാകും. കഴിഞ്ഞ ദിവസം രൂപപ്പെട്ട സാഗർ ചുഴലിക്കാറ്റ‌് യമൻ വഴി സോമാലിയ തീരത്തെത്തി ദുർബലമാകുകയാണ‌്.  അറബിക്കടലിലേക്ക‌് പോകുന്ന മത്സ്യത്തൊഴിലാളികൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന‌് മുന്നറിയിപ്പുണ്ട‌്.  മത്സ്യത്തൊഴിലാളികൾ ലക്ഷദ്വീപിന് പരിസരത്തും ലക്ഷദ്വീപിന് പടിഞ്ഞാറ് ഭാഗത്തേക്കും മത്സ്യബന്ധനത്തിന് പോകരുത്.  26 വരെ ഈ മേഖലയിൽ കടൽക്ഷോഭം രൂക്ഷമായിരിക്കും. കേരളത്തിൽ ചൊവ്വാഴ‌്ച രാവിലെ വരെ വ്യാപക മഴ ലഭിക്കും. Read on deshabhimani.com

Related News