കാലവര്‍ഷത്തില്‍ 24 ശതമാനം കുറവ്



തൃശൂര്‍ > തുടര്‍ച്ചയായി മൂന്നാംവര്‍ഷവും കാലവര്‍ഷം കേരളത്തെ കൈവിടുന്നതായി സൂചന. നാലു മാസം നീളുന്ന കാലവര്‍ഷത്തിന്റെ എഴുപതു ശതമാനത്തോളം മഴ കിട്ടേണ്ട ജൂണ്‍, ജൂലൈ മാസങ്ങള്‍ പിന്നിട്ടപ്പോള്‍ 24 ശതമാനം മഴക്കുറവ് രേഖപ്പെടുത്തി. ചുരുങ്ങിയത് 1359 മില്ലിമീറ്റര്‍ മഴ കിട്ടേണ്ടടിത്ത് ശനിയാഴ്ച രാത്രി വരെ കിട്ടിയത് 1035 മില്ലിമീറ്റര്‍ മാത്രം. ഔപചാരികമായി കാലവര്‍ഷം ആഗസ്ത്, സെപ്തംബര്‍ മാസങ്ങള്‍കൂടിയുണ്ടെങ്കിലും അമിതമഴ കിട്ടി നഷ്ടം പരിഹരിക്കാമെന്നതിന് സാധ്യത കുറവാണെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ സൂചിപ്പിച്ചു.  ജൂണ്‍ ഒന്നുമുതല്‍ ജൂലൈ 30 വരെ ഏറ്റവും കുറവ് മഴ കിട്ടിയത് വയനാട് ജില്ലയിലാണ്–58 ശതമാനം കുറവ്. മറ്റു ജില്ലകളിലെ കുറവ് ശതമാനത്തില്‍: ആലപ്പുഴ–20, കണ്ണൂര്‍–24, എറണാകുളം–7, ഇടുക്കി–20, കാസര്‍കോട്–21, കൊല്ലം–8, കോട്ടയം–13, കോഴിക്കോട്–14, മലപ്പുറം–28, പാലക്കാട്–22, പത്തനംതിട്ട–25, തിരുവനന്തപുരം–6, തൃശൂര്‍–29.  1925 മില്ലിമീറ്റര്‍ മഴയാണ് മണ്‍സൂണ്‍കാലത്ത് ശരാശരി കേരളത്തില്‍ കിട്ടേണ്ടത്. 2015ല്‍ സംസ്ഥാനത്ത് 29 ശതമാനവും 2014ല്‍ 19 ശതമാനവും മഴ കുറഞ്ഞിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷവും കടുത്ത വരള്‍ച്ചയാണ് കേരളത്തില്‍ അനുഭവപ്പെട്ടത്. കഴിഞ്ഞ മൂന്നര പതിറ്റാണ്ടില്‍ 1981, 2007, 2013 വര്‍ഷങ്ങളില്‍ മാത്രമാണ് അതിവര്‍ഷം ഉണ്ടായത്്. എങ്കിലും ശരാശരിയോട് അടുത്ത് മഴ കിട്ടിയതുകൊണ്ടാണ് പിടിച്ചുനിന്നത്. എന്നാല്‍, സമീപകാലത്തെ അവസ്ഥ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തില്‍നിന്ന് അകലുന്നുവെന്നാണ് സൂചിപ്പിക്കുന്നതെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നു. ചില വര്‍ഷങ്ങളില്‍ ആഗസ്ത്, സെപ്തംബര്‍ മാസങ്ങളില്‍ മഴ മെച്ചപ്പെട്ട്, ജൂണ്‍, ജൂലൈയിലെ മഴക്കുറവ് നികത്തിയ അനുഭവങ്ങളുണ്ട്.  ആഗസ്ത്, സെപ്തംബര്‍ മാസങ്ങളില്‍  ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദങ്ങളും അറബിക്കടലില്‍ ന്യൂനമര്‍ദ പാത്തികളും കൂടുതലായി രൂപപ്പെടുമ്പോഴാണ് മഴ കൂടുതല്‍ ലഭിക്കുക. മഴയുടെ ശക്തി കൂട്ടാന്‍ ഇടയാക്കുന്ന ലാ–നീന പ്രതിഭാസം   സെപ്തംബറില്‍ രൂപപ്പെടാനുള്ള സാധ്യത ഏറെയാണെന്ന് കേരള കാര്‍ഷിക സര്‍വകലാശാലയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ ഡോ. സി എസ് ഗോപകുമാര്‍ പറഞ്ഞു. അതേസമയം രാജ്യവ്യാപകമായി ഈ വര്‍ഷം ശരാശരിയേക്കാള്‍ ആറു ശതമാനമെങ്കിലും മഴ കൂടുതല്‍ കിട്ടുമെന്ന നിലപാടിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കേ ഇന്ത്യയിലെ കനത്ത മഴ ഇതിനു തെളിവായി ചൂണ്ടിക്കാട്ടുന്നു. തെന്നിന്ത്യയിലും കേരളമൊഴികെ കാലവര്‍ഷം മെച്ചപ്പെട്ടതാണ്്. എന്നാല്‍, ഗുജറാത്തും പല വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും ഇപ്പോഴും കനത്ത വരള്‍ച്ചയിലാണ്. Read on deshabhimani.com

Related News