കാലവർഷം ജൂണിൽ മെച്ചം



തൃശൂർ >തെക്കുപടിഞ്ഞാറൻ കാലവർഷം ആദ്യമാസം പിന്നിട്ടപ്പോൾ സംസ്ഥാനത്ത് 15.6 ശതമാനം മഴ കൂടുതൽ. 2013നു ശേഷമുള്ള ഏറ്റവും മെച്ചപ്പെട്ട മഴക്കാലമായിരുന്നു ജൂണിലേത്. ശരാശരിയേക്കാൾ ഏറ്റവും കൂടുതൽ മഴ പാലക്കാട് ജില്ലയിൽ രേഖപ്പെടുത്തിയപ്പോൾ ഏറ്റവും കുറവ് തൃശൂരാണ്. എങ്കിലും മെയ്മാസാവസാനം മുതൽ മഴ കിട്ടിത്തുടങ്ങിയതിനാൽ നിസ്സാര കുറവുകൾ പ്രശ്നമാക്കാനില്ല. തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ ജൂൺ കഴിഞ്ഞാൽ കൂടുതൽ മഴ കിട്ടേണ്ട ജൂലൈയിലും മെച്ചപ്പെട്ട സ്ഥിതി പ്രതീക്ഷിക്കാമെങ്കിലും അതിശക്തമായ മഴക്ക് അനുകൂലമായ കാലാവസ്ഥാ ഘടകങ്ങൾ കാണുന്നില്ലെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞർ സൂചിപ്പിച്ചു. ജൂണിൽ സംസ്ഥാനത്ത് കിട്ടേണ്ട ശരാശരി മഴ 650 മില്ലിമീറ്ററാണെന്നിരിക്കെ  751 മില്ലിമീറ്റർ മഴ ലഭിച്ചു (15.6 ശതമാനം കൂടുതൽ). പാലക്കാട് ജില്ലയിൽ ശരാശരിയേക്കാൾ 47 ശതമാനം കൂടുതൽ മഴ ലഭിച്ചപ്പോൾ തൃശൂരിൽ 12 ശതമാനം മഴ കുറവാണ്. എറണാകുളം, ഇടുക്കി, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ശക്തമായ മഴ ലഭിച്ചത്. വിവിധ ജില്ലകളിൽ ലഭിച്ച മഴയുടെ കണക്ക് ഇപ്രകാരം. ആലപ്പുഴ‐566 മില്ലിമീറ്റർ (4.5 ശതമാനം കുറവ്), എറണാകുളം‐ 834 മില്ലിമീറ്റർ (20 ശതമാനം കൂടുതൽ), ഇടുക്കി‐ 806 മില്ലിമീറ്റർ (24 ശതമാനം കൂടുതൽ), കണ്ണൂർ‐994 മില്ലിമീറ്റർ (17 ശതമാനം കൂടുതൽ), കാസർകോട്‐972 മില്ലിമീറ്റർ (3 ശതമാനം കുറവ്), കൊല്ലം‐ 459 (0.3 ശതമാനം കൂടുതൽ), കോട്ടയം‐813 മില്ലിമീറ്റർ (25.3 ശതമാനം കൂടുതൽ), കോഴിക്കോട്‐1083 (21 ശതമാനം കൂടുതൽ), മലപ്പുറം‐ 861 (30.3 ശതമാനം കൂടുതൽ) പാലക്കാട്‐ 680 മില്ലിമീറ്റർ (47 ശതമാനം കൂടുതൽ), പത്തനംതിട്ട‐ 561 മില്ലിമീറ്റർ (0.8 മില്ലിമീറ്റർ കൂടുതൽ), തിരുവനന്തപുരം‐ 356 മില്ലിമീറ്റർ (5 ശതമാനം കൂടുതൽ), തൃശൂർ 624 മില്ലിമീറ്റർ (12 ശതമാനം കുറവ്), വയനാട്‐ 814 മില്ലിമീറ്റർ (17 ശതമാനം കൂടുതൽ). 2017ൽ സംസ്ഥാനത്ത് ശരാശരിയേക്കാൾ 11 ശതമാനം മഴ കുറവായിരുന്നു. ഇക്കുറി ദേശവ്യാപകമായി ശരാശരി മഴ കിട്ടുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ജൂണിൽ 650 മില്ലിമീറ്റർ, ജൂലൈയിൽ 635 മില്ലിമീറ്റർ, ആഗസ്തിൽ 377 മില്ലിമീറ്റർ, സെപ്തംബറിൽ 230 മില്ലിമീറ്റർ എന്നിങ്ങനെയാണ് ശരാശരി മഴ കിട്ടേണ്ടത്. ജൂൺ, ജൂലൈ, ആഗസ്ത്, സെപ്തംബർ ഉൾപ്പെടുന്ന തെക്കുപടിഞ്ഞാറൻ കാലവർഷം പതിവിലും രണ്ടാഴ്ച മുമ്പേ ദേശവ്യാപകമായതുംഈ വർഷത്തെ സവിശേഷതയാണ്. ഇക്കുറി സംസ്ഥാനത്ത് മെച്ചപ്പെട്ട മഴ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അന്തരീക്ഷ ഘടകങ്ങൾ ഏങ്ങനെ രൂപപ്പെടുമെന്ന് പ്രവചനാതീതമാണെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞൻ ഡോ. സി എസ് ഗോപകുമാർ പറഞ്ഞു. Read on deshabhimani.com

Related News