കേരളത്തിൽ മൺസൂൺ ജൂൺ ഒന്നിന്‌ എത്തുമെന്ന്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌



ന്യൂഡല്‍ഹി > തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ ജൂണ്‍ ഒന്നിന് കേരള തീരത്തെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് (ഐഎംഡി). മെയ് 31-നും ജൂണ്‍ 4-നും ഇടയില്‍ അറേബ്യന്‍ കടലില്‍ താഴ്ന്ന മര്‍ദ്ദ മേഖലകള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ മണ്‍സൂണ്‍ കാറ്റിന് മുന്നേറാന്‍ അനുകൂലമായ സാഹചര്യമുള്ളതാണ് ഇതിന് കാരണം. പടിഞ്ഞാറന്‍ -മധ്യ അറേബ്യന്‍ കടലിലും അതിനോട് ചേര്‍ന്ന തെക്ക് പടിഞ്ഞാറന്‍ അറേബ്യന്‍ കടലില്‍ താഴ്ന്ന മര്‍ദ്ദ മേഖല രൂപപ്പെട്ടിരുന്നു. ഇതൊരു തീവ്രതാഴ്ന്ന മേഖലയായി രൂപപ്പെടും. അടുത്ത മൂന്ന് ദിവസങ്ങളില്‍ വടക്കു പടിഞ്ഞാറക്ക് നീങ്ങി ഒമാന്റെ തെക്കന്‍, യെമന്റെ കിഴക്കന്‍ തീരങ്ങളിലേക്ക് നീങ്ങും. ഇത് ഒരു ചുഴലിക്കാറ്റായി തീവ്രമാകാന്‍ സാധ്യതയുണ്ടെങ്കിലും ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തെ ബാധിച്ചേക്കില്ലെന്ന് ഐഎംഡി ശാസ്ത്രജ്ഞര്‍ പറഞ്ഞു. മെയ് 31-നും ജൂണ്‍ 4-നും ഇടയില്‍ ഇന്ത്യന്‍ തീരത്തോട് ചേര്‍ന്നുള്ള തെക്ക് കിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്ന കിഴക്ക്-മധ്യ അറബിക്കടലിലും മറ്റൊരു കുറഞ്ഞ മര്‍ദ്ദ മേഖല ഉണ്ടാകാന്‍ സാധ്യതയുണ്ട്. രണ്ടാമത്തെ താഴ്ന്ന മര്‍ദ്ദ മേഖല പടിഞ്ഞാറന്‍ തീരത്ത് മഴപെയ്യിക്കാനും പ്രതീക്ഷിച്ചതിലും നേരത്തെ മഴക്കാലത്തിന്റെ മുന്നേറ്റത്തിന് അനുകൂലമായ സാഹചര്യമുണ്ടാക്കാനും സാധ്യതയുണ്ടെന്ന് ഐഎംഡി ഡയറക്ടര്‍ ജനറല്‍ എം. മോഹന്‍പത്ര പറഞ്ഞു. ജൂണ്‍ ഒന്നോ രണ്ടോ തീയതികളില്‍ കേരളത്തില്‍ മണ്‍സൂണ്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News