ഇടവപ്പാതി അറബിക്കടലിൽ ; പടിഞ്ഞാറൻ കാറ്റ്‌ ദുർബലം



തിരുവനന്തപുരം തെക്ക്‌ പടിഞ്ഞാറൻ കാലവർഷക്കാറ്റ്‌ അറബിക്കടലിൽ എത്തി. നിലവിൽ പടിഞ്ഞാറൻ കാറ്റ്‌ ദുർബലമായതിനാൽ ഇടവപ്പാതി കേരളത്തിലെത്തുന്നത്‌ വൈകാൻ സാധ്യതയുണ്ടെന്ന്‌ കാലാവസ്ഥാ വിദഗ്‌ധർ അറിയിച്ചു. സാധാരണ ശ്രീലങ്കയിൽ അതിശക്തമായ മഴ നൽകിയാണ്‌ കാലവർഷക്കാറ്റ്‌ അറബിക്കടലിൽ എത്തുക. ഇക്കുറി അതുണ്ടായില്ല. ആൻഡമാനിൽ കാലവർഷം എത്തുന്നതും വൈകി. അതിനിടെ മധ്യഅറബിക്കടലിൽ ന്യൂനമർദ മേഖല രൂപപ്പെടുകയാണ്‌. ഇത്‌ ചുഴലിക്കാറ്റായാൽ കാലവർഷത്തെ സ്വാധീനിച്ചേക്കും. പസഫിക്ക്‌ സമുദ്രത്തിലെ ചുഴലിക്കാറ്റ്‌ കാലവർഷക്കാറ്റിന്റെ മുന്നേറ്റത്തിന്‌ തടസ്സമാണ്‌. ഒപ്പം തെക്കൻ കേരളത്തിന്‌ മുകളിൽ നിലനിൽക്കുന്ന പ്രതിചക്രവാതവും. വേനലിലുണ്ടാകുന്ന ഇടിമിന്നൽ മേഘങ്ങളാണ്‌ ഇപ്പോൾ സംസ്ഥാനത്തിന്റ പലഭാഗങ്ങളിലും ലഭിക്കുന്ന മഴയ്‌ക്ക്‌ കാരണം. സംസ്ഥാനത്ത്‌ ഒറ്റപ്പെട്ട മഴ തുടരും. വെള്ളി പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ശനി പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും ഞായർ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും മഞ്ഞ അലർട്ട്‌ (ശക്തമായ മഴ) പ്രഖ്യാപിച്ചു. കേരളം, കർണാടക, ലക്ഷദ്വീപ്‌ തീരങ്ങളിൽ മീൻപിടിത്തം പാടില്ല. Read on deshabhimani.com

Related News