ന്യൂനമർദം: കനത്തമഴക്ക്‌ സാധ്യത; തിരുവനന്തപുരത്തും കൊല്ലത്തും ജാഗ്രത



 തിരുവനന്തപുരം> ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടർന്ന്‌  സംസ്‌ഥാനത്ത്‌  കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രതനിർദ്ദേശം നൽകി. ഡിസംബര്‍ ഒന്ന് മുതല്‍ കടല്‍ അതിപ്രക്ഷുബ്ധമാകുവാന്‍ സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് പൂര്‍ണ്ണമായും നിരോധിച്ചു.നിലവില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ഇന്ന് അര്‍ധരാത്രിയോടെ മടങ്ങിയെത്തണമെന്ന് കോസ്റ്റ് ഗാര്‍ഡ് അടിയന്തര സന്ദേശം നല്‍കി. ഇടുക്കിയിൽ നാളെ റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ചു . 70 കിലോമീറ്റർ വേഗതയിൽ കാറ്റ്‌ വീശിയേക്കാം. ന്യൂനമർദം ചെറിയ ചുഴലികാറ്റായി മാറുവാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്‌. താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിന്‌ സാധ്യതയുണ്ട്‌.  തിരുവനന്തപുരം, കൊല്ലം  ജില്ലയില്‍ അതിജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ന്യൂനമർദം സംബന്ധിച്ച്‌ തീര മേഖലകളിലും മത്സ്യബന്ധന തുറമുഖങ്ങളിലും അനൗണ്‍സ്‌മെന്റ് നടത്തും.അപകടാവസ്ഥയിലുള്ള മരങ്ങള്‍ കോതിയൊതുക്കാനും ഉറപ്പില്ലാത്ത മേൽക്കൂരകളുള്ള വീട്ടിൽ കഴിയുന്നവർ മാറി താമസിക്കണമെന്നും നിർദ്ദേശിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനും നിർദ്ദേശിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച്‌ അലർട്ട്‌ പ്രഖ്യാപിച്ചു . ക്വാറികളുടെ പ്രവര്‍ത്തനവും മറ്റു ഖനന ജോലികളും ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ നിരോധിച്ചു. പൊന്മുടിയടക്കം ഉയര്‍ന്ന പ്രദേശങ്ങളിലേക്കുള്ള യാത്ര നിരോധിച്ചു. താലൂക്ക് ഓഫീസുകളില്‍ ഡെപ്യൂട്ടി തഹസീല്‍ദാരുടെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാനും തിരുവനന്തപുരത്ത്‌ നിര്‍ദ്ദേശം നല്‍കി.   Read on deshabhimani.com

Related News