മഴ കനക്കും, പാലക്കാട്ട‌് മഞ്ഞ അലർട്ട‌്; 3 ജില്ലകളിൽ ഉരുൾപൊട്ടൽ സാധ്യത



തിരുവനന്തപുരം> സംസ്ഥാനത്ത‌് വേനൽമഴ ശക്തമാകുമെന്ന‌് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ചൊവ്വാഴ്ചവരെ ഇടിയോട‌ുകൂടിയ മഴയ‌്ക്കാണ‌് സാധ്യത. ശനിയാഴ്ച അതിശക്തമായ മഴയ്ക്ക‌്‌ സാധ്യതയുള്ള പാലക്കാട‌് ജില്ലയിൽ മഞ്ഞ അലർട്ട‌് പ്രഖ്യാപിച്ചു. മൂന്നുജില്ലയിൽ ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ചവരെ ശക്തിയായ കാറ്റിനും ഇടിയോട‌ുകൂടിയ മഴയ്ക്കും സാധ്യതയുണ്ട‌്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട‌് ജില്ലകളിൽ മണിക്കൂറിൽ 40-–-50 കിലോമീറ്റർ വേഗത്തിൽ കാറ്റ‌് വീശാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ‌് നൽകി. പാലക്കാട്, മലപ്പുറം,  തൃശൂർ ജില്ലകളിലാണ‌് ഉരുൾപൊട്ടൽ സാധ്യത. വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയ്ക്ക‌ും സാധ്യതയുണ്ട്. ഈ ജില്ലകളിൽ മലയോരമേഖലകളിലേക്കുള്ള രാത്രിയാത്ര ഒഴിവാക്കണം. കാണാതെയും മിന്നൽ വരാം; സൂക്ഷിക്കണം തിരുവനന്തപുരം> വേനൽമഴയ‌്ക്കൊപ്പം പകൽ രണ്ടുമുതൽ രാത്രി എട്ടുവരെ ശക്തമായ മിന്നലിനും സാധ്യതയുണ്ട‌്.  ദൃശ്യമല്ലാത്ത മിന്നലാണ‌് വരുക. മരങ്ങൾക്ക‌ു താഴെ വാഹനം പാർക്ക‌് ചെയ്യരുത‌്. മിന്നലിനെ സംസ്ഥാന സവിശേഷ ദുരന്തമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രഖ്യാപിച്ചിട്ടുണ്ട‌്. അതോറിറ്റി ജാഗ്രതാ നിർദേശങ്ങളും പുറപ്പെടുവിച്ചു. 1) മിന്നൽ ദൃശ്യമല്ല എന്നതിനാൽ മുൻകരുതൽ സ്വീകരിക്കാതിരിക്കരുത‌് 2) കാർമേഘമുള്ളപ്പോൾ മുറ്റത്തേക്കോ ടെറസിലേക്കോ പോകരുത‌് 3) കുട്ടികൾ തുറസ്സായ സ്ഥലത്ത് കളിക്കുന്നത‌് ഒഴിവാക്കുക 4) തെരഞ്ഞെടുപ്പ് പ്രചാരണം: പ്രാസംഗികർ ഉയർന്നവേദികളിൽ നിൽക്കരുത‌് 5) ഇടിയും മിന്നലുമുള്ളപ്പോൾ മൈക്ക‌് ഒഴിവാക്കുക. 6) ഇടിമിന്നലുള്ളപ്പോൾ ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക 6) ജലാശയത്തിൽ ഇറങ്ങരുത‌് 7) മിന്നലിന്റെ ആഘാതത്തിൽ പൊള്ളലേൽക്കാനും കഴ‌്ചയോ കേൾവിയോ നഷ്ടമാകാനും ഹൃദയാഘാതം സംഭവിക്കാനും സാധ്യത 8) മിന്നലേറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുതിപ്രവാഹം ഇല്ല. ഉടൻ പ്രഥമ ശുശ്രൂഷ നൽകണം. Read on deshabhimani.com

Related News