ഫെതായ‌് ചുഴലി ആന്ധ്രയിലേക്ക‌്; ഇന്ന്‌ തീരം തൊടും , കനത്ത മഴയ്‌ക്ക്‌ സാധ്യത



തിരുവനന്തപുരം> ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട  ഫെതായ‌് ചുഴലിക്കാറ്റ‌് അതിതീവ്രതയോടെആന്ധ്ര ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. തിങ്കളാഴ‌്ച ഉച്ചകഴിഞ്ഞ‌് ചുഴലിക്കാറ്റ‌് ആന്ധ്രയുടെ വടക്ക‌ുകിഴക്കായി കാക്കിനടയിൽ ഇടിച്ചിറങ്ങുമെന്നാണ‌് കാലാവസ്ഥാ നിരീക്ഷകരുടെ നിഗമനം. ഇതിനെത്തുടർന്ന‌് ആന്ധ്ര, ഒഡിഷ തീരങ്ങളിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവി്ച്ചിട്ടുണ്ട‌്. മണിക്കൂറിൽ 80‐ 90 മീറ്റർ വേഗതയിലാണ്‌ കാറ്റുവീശുക. തമിഴ‌്നാട‌്, ആന്ധ്ര, ഒറീസാ തീരങ്ങളിൽ കനത്ത മഴ ലഭിക്കും. ഒരാഴ‌്ചയായി ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറുകയായിരുന്നു. ചെന്നൈക്ക‌് 380 കിലോമീറ്ററും മച്ചിലിപട്ടണത്തിന‌് 480 കിലോമീറ്റർ തെക്ക‌ുകിഴക്കായുമാണ‌് നിലവിൽ ചുഴലിക്കാറ്റിന്റെ കേന്ദ്രം  നിലനിൽക്കുന്നത‌്.  വടക്ക്- വടക്കുപടിഞ്ഞാറ്  ദിശയിൽ  മണിക്കൂറിൽ 16 കിലോമീറ്ററിലേറെ വേഗതയിലാണ‌് സഞ്ചാരം. ബംഗാൾ ഉൾ്ക്കടൽ  പ്രക്ഷുബ്ധമാണ‌്. ചുഴലിക്കാറ്റ‌് കരകയറികഴിഞ്ഞാലുടൻ ശക്തി കുറയുമെന്നാണ‌്  കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. എങ്കിലും കനത്ത മഴ തുടരും. ആന്ധ്രാ തീരങ്ങളിലുടനീളം മത്സ്യബന്ധനം പൂർണമായി നിരോധിച്ചിട്ടുണ്ട‌്. തെക്കു-പടിഞ്ഞാറൻ, മധ്യപടിഞ്ഞാറൻ ബംഗാൾഉൾക്കടലിൽ, തമിഴ്നാടിന്റെ വടക്ക് തീരങ്ങളിലും പുതുച്ചേരി തീരങ്ങളിലും ആന്ധ്രപ്രദേശ് തീരങ്ങളിലും തിങ്കളാഴ‌്ച  അർധരാത്രിവരെ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട‌്. ഗജ, തിത‌്‌ലി, ചുഴലിക്കാറ്റുകൾക്ക‌് ശേഷമെത്തുന്ന ഫെതായ‌ിക്ക‌് പേര‌് നൽകിയത‌് തായ‌്‌ലൻഡാണ‌്.   Read on deshabhimani.com

Related News