ചൂടേറുന്നു; സൂര്യാതപസാധ്യതയും



തിരുവനന്തപുരം> സംസ്ഥാനത്ത‌് പകൽ താപനില ഉയർന്നതിനെ തുടർന്ന‌് സൂര്യാതപ സാധ്യത ഏറി. പകൽ 11 മുതൽ 3.30 വരെ ജാഗ്രത വേണമെന്ന‌് വിദഗ‌്ധർ. വയനാട‌്, കോട്ടയം, തിരുവനന്തപുരം ജില്ലകളിൽനിന്ന‌് സൂര്യാതപമേറ്റ സംഭവങ്ങൾ റിപ്പോർട്ട‌് ചെയ‌്ത‌ സാഹചര്യത്തിലാണിത‌്. മഹാപ്രളയത്തിനുശേഷം പെട്ടെന്ന‌് താപവർധനയുണ്ടായതിൽ ആശങ്ക വേണ്ടെന്നും അവർ പറഞ്ഞു. ചിലയിടങ്ങളിൽ പകൽസമയത്ത‌് 30 മുതൽ 35 ഡിഗ്രി വരെ താപനില ഉയരുന്നുണ്ട‌്. രാത്രി താപനില 21‐24 വരെയും. തിങ്കളാഴ‌്ച പുനലൂരിലാണ‌് ഏറ്റവും കൂടുതൽ പകൽച്ചൂട‌് രേഖപ്പെടുത്തിയത‌്‐ 35.2 ഡിഗ്രി സെൽഷ്യസ‌്. പാലക്കാട‌് 34.3, തിരുവനന്തപുരം 34.1, കോട്ടയം 34.2, ആലപ്പുഴ 33.2, കൊച്ചി 33.1. മഴ കുറഞ്ഞതിനെ തുടർന്ന‌്  ഉയർന്ന അന്തരീക്ഷമർദവും മേഘാവരണത്തിലെ കുറവുമാണ്‌ സംസ്ഥാനത്ത‌്  താപനില ഉയരാൻ കാരണം.  പകൽസമയം മേഘം ഇല്ലാത്തതിനാൽ സൂര്യനിൽനിന്നുള്ള വികിരണം നേരിട്ട‌് വേഗത്തിൽ ഭൗമോപരിതലത്തിൽ എത്തുന്നു. തെക്ക‌് പടിഞ്ഞാറൻ കാലവർഷം(ഇടവപ്പാതി) പിൻവാങ്ങുന്ന ഘട്ടമായതിനാൽ അന്തരീക്ഷ താപനില ഇനിയും വർധിക്കാനുള്ള സാധ്യതയുണ്ട‌്. വയനാട്ടിൽ രണ്ടുപേർക്ക് സൂര്യാഘാതമേറ്റു.  കോട്ടത്തറ വെണ്ണിയോട് മൈലാടിയിലെ കമ്പനാട് ഇസ്മയിൽ (35), പനമരം നടവയൽ സ്വദേശി ബിജു(39) എന്നിവർക്കാണ് പൊള്ളലേറ്റത‌്. ഇരുവരുടെയും പുറത്താണ് പൊള്ളൽ.  തിങ്കളാഴ്ച പകൽ ഒന്നിന് മൈലാടിയിൽ വോളിബോൾ കോർട്ട് നന്നാക്കുന്നതിനിടയിലാണ് ഇസ്മയിലിന് പുറത്ത് ഇരുവശത്തും പൊള്ളലേറ്റത്.    Read on deshabhimani.com

Related News