ചൂടുകൂടുന്നു; പാലക്കാടിന‌് പൊള്ളിത്തുടങ്ങി; താപനില ഉയർന്നു



പാലക്കാട്‌> കൊടുംചൂടിന്റെ സൂചനയായി പാലക്കാട്  ജില്ലയിൽ താപനില ഉയർന്നു.  ഫെബ്രവരി മാസത്തെ  ഏറ്റവും ഉയർന്ന ചൂടായ 39 ഡിഗ്രി സെൽഷ്യസ‌് ബുധനാഴ‌്ചയും  രേഖപ്പെടുത്തി. മുണ്ടൂർ ഐആർടിസിയിലെ കണക്കുപ്രകാരം ഈമാസം നാലാംതവണയാണ‌് താപനില 39 ഡിഗ്രി രേഖപ്പെടുത്തുന്നത‌്. പ്രളയത്തെ തുടർന്നുണ്ടായ കാലാവസ്ഥാ വ്യതിയാനം ചൂട‌് ഇനിയും വർധിപ്പിക്കുമെന്നാണ‌്  നിരീക്ഷകരുടെ അനുമാനം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 28 നാണ‌്  ചൂട‌് 39ഡിഗ്രി രേഖപ്പെടുത്തിയത‌്. 2017 ഫെബ്രുവരിയിലും താപനില ഇതേനിലയില്‍ രേഖപ്പെടുത്തി. കഴിഞ്ഞ വർഷം മാർച്ചില്‍   താപനില   40 ഡിഗ്രിയിലെത്തിയിരുന്നു. കടുത്തചൂട‌് പ്രതീക്ഷിച്ച മെയിൽ  കൂടിയ താപനില 36 ഡിഗ്രി സെൽഷ്യസ‌് മാത്രമായി. വേനൽമഴ കൃത്യമായി ലഭിച്ചതിനാൽ ചൂട‌് കുറഞ്ഞു.  ഏറ്റവുംകൂടിയ  ചൂടായ  42 ഡിഗ്രി ജില്ലയിൽ രേഖപ്പെടുത്തിയത് 2010 ലാണ്.  2016 ൽ 41.9വരെയെത്തി. 30വർഷത്തിനിടെ സംസ്ഥാനത്തെ ശരാശരി ചൂടിൽ ഒരുഡിഗ്രിയുടെ വർധനയുണ്ടായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പഠനം വ്യക്തമാക്കുന്നു. Read on deshabhimani.com

Related News