ടോൾ ബോയ് ഹാച്ബാക്ക് മാരുതി സുസുകി വാഗൺ ആർ



1999ൽ ആണ് വാഗൺ ആർ മാരുതി സുസുകി ഇന്ത്യയിൽ ആദ്യമായി നിരത്തിലിറക്കിയത്. ജപ്പാനിലെ വാഗൺ ആർ കേയി കാറാണ് ഇന്ത്യയിൽ ഇറക്കിയ വാഗൺ ആറിന്‌ ആധാരം. 64 ബി‌എച്ച്‌പിയും 84 ന്യൂട്ടൻ മീറ്റർ ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 1.1 ലിറ്റർ എഫ് 10 ഡി പെട്രോൾ എൻജിൻ ആയിരുന്നു വാഗൺ ആറിന്റെ ശക്തിക്കുറവിടം! അകത്തെ സ്ഥലസൗകര്യമാണ്‌ കാറിന്റെ പ്രധാന  ആകർഷണഘടകം!  ഇപ്പോൾ  സെയിൽസ് ചാർട്ടുകളിലെ സൂപ്പർ സ്റ്റാറാണ് വാഗൺ ആർ! ഏകദേശം 25 ലക്ഷത്തോളം വാഗൺ ആർ ഇന്ത്യയിൽ വിറ്റഴിഞ്ഞു! വിൽപ്പനയിൽ മറ്റ് വാഹന നിർമാതാക്കൾക്ക് ഒരതിശയമായി ജൈത്രയാത്ര തുടരുകയാണ് മാരുതി സുസുകി വാഗൺ ആർ! പ്രായോഗികതയാണ് ഈ കാറിന്റെ വിജയരഹസ്യം എന്നു ഞാൻ വിശ്വസിക്കുന്നു. അതെന്തുതന്നെയായാലും വാഗൺ ആർ ഇന്ത്യയിൽ ഒരു ‘സ്ട്രോങ്’ ഫാൻ ബേസ് ഉണ്ടാക്കിയിട്ടുണ്ടെന്നതിൽ തർക്കമില്ല! ഇന്ത്യയുടെ ‘ടോൾ ബോയ് ഹാച്ബാക്ക്’ 2022 മാരുതി സുസുകി വാഗൺ ആർ ആണ് ഈ ആഴ്ചയിലെ അതിഥി!  2019ൽ ലോഞ്ച് ചെയ്ത മൂന്നാംതലമുറ വാഗൺ ആറിൽനിന്ന്‌ നോട്ടത്തിൽ ഉള്ള മാറ്റം എന്നു പറയാവുന്നത് പുതുതായി കൂട്ടിച്ചേർത്ത രണ്ടു ഡ്യുവൽ ടോൺ കളർ ഓപ്ഷനുകളാണ്. ഇപ്പോഴുള്ള ആറ് സിംഗിൾ ടോൺ കളറുകൾക്ക് പുറമെയാണിത്. ടോപ് വേരിയന്റിൽ ടേൺ ഇൻഡികെറ്റർ ഉള്ള പവർ ഒആർ‌വി‌എം കൂടാതെ പിന്നിൽ വിൻഡ്സ്ക്രീൻ വൈപ്പറും ഉണ്ടായിരിക്കും. ആക്സസ്സറി ആയി കിട്ടിയിരുന്ന  14 ഇഞ്ച് അലോയ് വീൽ ഇപ്പോൾ ടോപ് വേരിയന്റിൽ കിട്ടുന്നു. മറ്റൊന്ന് ക്യാബിനകത്ത് സീറ്റുകളിൽ ചേർന്നിരിക്കുന്ന ബീജ് കളർ ഫാബ്രിക്‌സ്‌  ആണ്. ടോപ് വേരിയന്റ്‌ സെഡ്‌എക്സ്‌ഐയിൽ 7 ഇഞ്ച് ഇൻഫോടൈൻമെന്റ്‌ സിസ്റ്റം കിട്ടും. ഇതിൽ മാരുതിയുടെ ഏറ്റവും പുതിയ സ്മാർട്ട് പ്ലേ സ്റ്റുഡിയോയിലൂടെ ഇതിൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ്‌ ഓട്ടോ, യു‌എസ്‌ബി കണക്‌റ്റിവിറ്റി, 4 സ്പീക്കറുകൾ, വോയ്‌സ് കൺട്രോൾ എന്നിവ ഉൾപ്പെടെ മറ്റ് കണക്‌റ്റഡ് ഫീച്ചറുകളും ഉണ്ടായിരിക്കും. കൂടാതെ സ്റ്റീറിങ് മൗണ്ടഡ് കൺട്രോൾ, ഔക്സിലറി കണക്‌റ്റിവിറ്റിയും ഉണ്ട്. പ്രായോഗികതയിൽ വാഗൺ ആർ എപ്പോഴും മുന്നിൽത്തന്നെ, എല്ലാ ഡോറുകളും ഏകദേശം 90 ഡിഗ്രിയിൽ തുറക്കുന്നു. കയറുന്നതിനും ഇറങ്ങുന്നതിനും പ്രായമായവർക്കുപോലും അനായാസമാണ്. എല്ലാ യാത്രക്കാർക്കും സുഖമായി സഞ്ചരിക്കാനുള്ള സ്ഥലസൗകര്യം ഈ സെഗ്‌മെന്റിൽ വാഗൺ ആറിന്റെ മാത്രം മുതൽക്കൂട്ടാണ്. 341 ലിറ്റർ ബൂട്ട് സ്പേസ് എതിരാളികളായ ഹുൺഡായ് സാൻട്രോ, ടാറ്റ ടിയാഗോ എന്നിവയിൽനിന്ന്‌ ഏകദേശം 100 ലിറ്റർ കൂടുതലാണ്.   വാഗൺ ആറിന് എൽ‌എക്സ്‌ഐ, വി‌എക്സ്‌ഐ, സെഡ്‌എക്സ്‌ഐ, സെഡ്‌എക്സ്‌ഐ പ്ലസ് എന്നീ വേരിയന്റുകളാണുള്ളത്. വി‌എക്സ്‌ഐ വരെ 1 ലിറ്റർ പെട്രോൾ, സി‌എൻ‌ജി എന്നിവയിൽ ലഭ്യമാണ്‌. സി‌എൻ‌ജിയിൽ മാന്വൽ ഗിയർ ഷിഫ്റ്റ്‌ മാത്രമേയുള്ളൂ. 66 ബി‌എച്ച്‌പിയും, 89 ന്യൂട്ടൻ മീറ്റർ ടോർക്കും തരുന്ന പുതിയ 1 ലിറ്റർ ഡ്യുവൽജെറ്റ് വി‌വി‌ടി എൻജിനാണ് വി‌എക്സ്‌ഐ വരെയുള്ള വേരിയന്റുകളിൽ. സ്വിഫ്റ്റ്, ഡിസയർ, ബലെനോ എന്നീ കാറുകളിൽ ഉപയോഗിച്ചിരിക്കുന്ന അതേ എൻജിൻ തന്നെയാണ് വാഗൺ ആറിന്റെ സെഡ്‌എക്സ്‌ഐ വേർഷനിൽ ഇപ്പോൾ കിട്ടുന്നത്. 85 ബി‌എച്ച്‌പിയും 113 ന്യൂട്ടൻ മീറ്റർ ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 1.2 ലിറ്റർ വി‌വി‌ടി അഡ്വാൻസ്ഡ് കെ സീരീസ് എൻജിനാണിത്. ഇതിനെ 5 സ്പീഡ് മാന്വൽ ഗിയർ ബോക്സിലും, 5 സ്പീഡ് ഓട്ടോ ഷിഫ്റ്റ്‌ ഗിയറിലും ബന്ധിപ്പിച്ചിരിക്കുന്നു. ഇതിൽ കൊടുത്തിരിക്കുന്ന ഐഡിൽ സ്റ്റാർട്ട് സ്റ്റോപ് ടെക്നോളജി ട്രാഫിക് ലൈറ്റിലും മറ്റും നിർത്തിയിരിക്കുന്ന അവസ്ഥയിൽ എൻജിൻ സ്റ്റോപ് ആക്കി ഇന്ധനക്ഷമത വർധിപ്പിക്കുന്നു.    1 ലിറ്റർ എൻജിൻ 24.35 കിലോമീറ്ററും, 1.2 ലിറ്റർ എൻജിൻ 23.56 കിലോമീറ്ററും ഇന്ധനക്ഷമതയുള്ളതാണെന്ന്‌ എ‌ആർ‌എ‌ഐ സർട്ടിഫൈ ചെയ്യുന്നു.    സുരക്ഷയ്‌ക്കായി മുന്നിൽ രണ്ട്‌ എയർബാഗുകൾ സ്റ്റാൻഡേർഡ് ആയി എല്ലാ വേരിയന്റുകളിലും ഉണ്ട്. ഇ‌ബി‌ഡി ഉള്ള ആന്റി സ്കിഡ് ബ്രേക്കിങ് സിസ്റ്റം പിന്നെ റിയർ പാർക്കിങ് സെൻസറും ഉണ്ടായിരിക്കും. വാഗൺ ആർ എക്സ് ഷോറൂം വില തുടങ്ങുന്നത് 5.4 ലക്ഷം മുതൽ 7.1 ലക്ഷംവരെയാണ്. Read on deshabhimani.com

Related News