ആഡംമ്പര ഇലക്ട്രിക് കാറുമായി ടാറ്റ; ഇ–വിഷൻ അടുത്ത വർഷം വിപണിയിൽ



ന്യൂഡൽഹി> 20 വർഷമായി ജനീവ ഓട്ടോഷോയിൽ തങ്ങളുടെ സാന്നിധ്യം അറിയിക്കുന്ന ടാറ്റ ഇത്തവണ എത്തുന്നത‌് പുത്തൻ ഇ–വിഷൻ ഇലക്ട്രിക് കാറുമായി. കഴിഞ്ഞ വർഷം ടാറ്റ പ്രദർശിപ്പിച്ച ഇ–വിഷൻ ഇലക്ട്രിക് കാറിന്റെ പ്രൊഡക്ഷൻ മോഡലാണ‌് അടുത്ത മാസം നടക്കുന്ന ഓട്ടോഷോയിൽ പ്രദർശിപ്പിക്കുന്നത‌്. ജനീവ ഓട്ടോഷോയിൽ 20 വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി പ്രദർശിപ്പിച്ച കൺസെപ്റ്റ് ഇ–വിഷന്റെ പ്രൊഡക്ഷൻ മോഡൽ മാർച്ചിൽ പ്രദർശിപ്പിച്ചാലും വിപണിയിലെത്താൻ പിന്നെയും കാത്തിരിക്കേണ്ടി വരും. കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ആൽഫ പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന കാർ മാർച്ച് ആദ്യം നടക്കുന്ന ഓട്ടോഷോയിൽ പ്രദർശിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ടിഗോർ ഇലക്ട്രിക്കിനെ പുറത്തിറക്കിയ ടാറ്റയുടെ ആഡംബര ഇലക്ട്രിക് കാർ കൺസെപ്റ്റ് കഴിഞ്ഞ ജനീവ ഓട്ടോഷോയിലെ താരമായിരുന്നു. ലക്ഷ്വറി പ്രീമിയം സെ‍ഡാനായി പ്രദർശിപ്പിച്ച ഇ-വിഷൻ കൺസെപ്റ്റിന്റെ പ്രൊഡക‌്ഷൻ മോഡൽ 2020– 2021 ‌ൽ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. ഫുള്‍ ചാർജിൽ 300 കിലോമീറ്റർ വാഹനത്തിന് ഓടാനാവുമെന്നു ടാറ്റ മോട്ടോഴ്സ് അവകാശപ്പെടുന്നു. പൂജ്യത്തിൽനിന്നു 100 കിലോമീറ്ററിലേക്കു വേഗമാർജിക്കാൻ ഏഴു സെക്കൻഡാണു വേണ്ടത്. ടാറ്റയുടെ പുതിയ അഡ്വാന്‍സ്ഡ് മോഡുലാര്‍ പ്ലാറ്റ്ഫോമിന്റെ പുതിയ പതിപ്പായ ആൽഫയിലായിരിക്കും വാഹനം നിർമിക്കുക. ‌വലിയ വീലുകൾ, ഫ്യൂച്ചറസ്റ്റിക്ക് വിങ് മിററുകൾ, ബ്രഷ്ഡ് അലുമിനിയം ഫിനിഷ് ഇന്റീരിയറിലെ മികച്ച ഫീച്ചറുകൾ എന്നിവ ഇ-വിഷൻ കൺസെപ്റ്റിന്റെ പ്രത്യേകതകളാണ്. Read on deshabhimani.com

Related News